കൊച്ചി: പതിറ്റാണ്ടുകളായി കടലാക്രമണ ദുരന്തത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ചെല്ലാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സമഗ്ര വികസന പാക്കേജ് നടപ്പിലാക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച് പശ്ചിമമേഖല ആവശ്യപ്പെട്ടു. കടലിനോട് ചേർന്നുള്ള വീടുകളിൽ അധിവസിക്കുന്ന ഇവരെ കടലോരത്തുനിന്നും മുന്നൂറ് മീറ്ററെങ്കിലും അകലേക്ക് നീക്കി പുനരധിവസിപ്പിക്കാനും പുനരധിവാസ പ്രദേശത്തിനും കടലിനുമിടയിലുള്ള ഭൂമി പൊതുസ്ഥലമായി നിലനിറുത്തുവാനും നിയമ നിർമ്മാണത്തിലൂടെ സർക്കാർ പദ്ധതിയൊരുക്കണം. മത്സ്യത്തൊഴിലാളികളുടെ വീടുകൾ തീരത്തുനിന്നും അകലുന്നതോടെ ഹോട്ടൽ-ടൂറിസ്റ്റ മാഫിയകൾ ഭൂമി കൈയേറാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മേഖലാ പ്രസിഡന്റ് സ്റ്റാൻലി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ പി.വൈ. ഹംസ,​ എസ്. ശിവശങ്കരൻ,​ ഷൈജു ഇരട്ടക്കുളം,​ എൻ. ഗോപാലകൃഷ്ണപിള്ള,​ സി.എസ്. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.