school
ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി.സ്‌കൂളിൽ എൽദോ എബ്രഹാം എം.എൽ.എ സന്ദർശനം നടത്തുന്നു.ലത ശിവൻ, കെ.യു.ബേബി, ടി.വി.അവിരാച്ചൻ, എ.വി.മനോജ് എന്നിവർ സമീപം

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ സൗത്ത് മാറാടി സർക്കാർ യു.പി.സ്‌കൂള്‍ ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ചു. സ്‌കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്തു. നിർമ്മാണോദ്ഘാടനം അടുത്തമാസം നടക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 1914-ൽ സ്ഥാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി.സ്‌കൂൾ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ്.സ്‌കൂളിന് സ്വന്തമായി 52 സെന്റ് സ്ഥലമാണുളളത്. രണ്ട് കെട്ടിടവുമുണ്ട് . പ്രീപൈമറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളിൽ 175 കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ 2.18-കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചത്. എന്നാൽ സ്‌കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂൾ വികസന സമിതി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ഒന്നാണിത്. സ്‌കൂൾ ഹൈടെക് ആകുന്നതോടെ കൂടുതൽ വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയും. സ്‌കൂളിന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്ഥിവികസനഫണ്ടിൽ നിന്നും അനുവദിച്ച തുകകൊണ്ട് സ്‌കൂൾ ബസ് നേരത്തെ വാങ്ങിയിരുന്നു. നിയോജക മണ്ഡലത്തിൽ ആദ്യഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയ്ക്കാപ്പിളളി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സൗത്ത് മാറാടി സ്‌കൂളിന്റെ പഴയകെട്ടിടങ്ങൾ നിലനിർത്തിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌കൂളിനായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, വൈസ് പ്രസിഡന്റ് കെ.യു.ബേബി, സ്‌കൂൾ വികസന സമിതി അംഗം ടി.വി.അവിരാച്ചൻ , ഹെഡ്മാസ്റ്റർ എ.വി.മനോജ് എന്നിവർ പങ്കെടുത്തു.