തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറയുടെ മുഖച്ഛായക്കു തന്നെ മാറ്റം വരുത്തുമായിരുന്ന അന്ധകാര തോടിന്റെ നവീകരണജോലികൾ നീണ്ടുപോകുന്നത് മൈനർ ഇറിഗേഷൻ വകുപ്പിലെഉദ്യോഗസ്ഥരുടെയും,കോൺട്രാക്ടറുടെയും കെടുകാര്യസ്ഥതമൂലമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ആവശ്യപ്പെട്ടു.2018 ൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഒന്നര വർഷം കഴിഞ്ഞിട്ടും പാതി വഴിയിൽ നിൽക്കുകയാണ്. കിഴക്ക് ഭാഗത്ത് കുറെ പൈലുകൾ കൂട്ടിയിട്ടിരിക്കുന്നതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. രണ്ടു പാലങ്ങളുടെ നിർമ്മാണവും നടക്കുന്നില്ല. കൊവിഡ് ഭീഷണി ഉയരുന്നതിന് മുമ്പു തന്നെ പണി പൂർത്തീകരിക്കൽ ആവശ്യമായ സമയം ലഭിച്ചിട്ടും കരാറുകാരന്റെ അജൻഡ പ്രകാരം പണികൾ ഇഴഞ്ഞുനീങ്ങിയതാണ് ഈ ദുരവസ്ഥക്ക് കാരണം. വീഴ്ചകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കരാറുകാരനിൽ നിന്ന് കാലതാമസത്തിനു പിഴ ഈടാക്കണമെന്നും ട്രുറ യോഗം ആവശ്യപ്പട്ടു.ട്രുറ ചെയർമാൻ വി.പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു .കൺവീനർ വി.സി. ജയേന്ദ്രൻ സംസാരിച്ചു.