കൊച്ചി: ഇരുപത് ദിവസത്തെ ലോക്ക് ഡൗണിനു ശേഷം എറണാകുളം മാർക്കറ്റ് നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കുവാൻ അനുവദിച്ചിട്ടുണ്ടെങ്കിലും അപ്രായോഗികമായ നിയന്ത്രണങ്ങൾ മൂലം വ്യാപാരമേഖല പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.. രാവിലെ 7 മണി മുതൽ 11 വരെ പച്ചക്കറി, പലചരക്കു മേഖലകൾ പ്രവർത്തിക്കുവാനും അതിനുശേഷം മറ്റു മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കുവാനുമാണ് അനുമതി. നിർമ്മാണ സാമഗ്രികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ സംവിധാനം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി പല റോഡുകളും അടയ്ക്കുന്നത് നിർമ്മാണ മേഖലയിലെ ഭാരമുള്ള വസ്തുക്കളുടെ ചരക്കു നീക്കത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ഈ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ക്ലോത്ത് ബസാർറോഡ്, ടി.ഡി. വെസ്റ്റ് റോഡ്, ജൂസ്ട്രീറ്റ്, മുസ്ലിം സ്ട്രീറ്റ് എന്നീ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയന്ത്രണങ്ങളിൽ നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവുനൽകണമെന്ന് പ്രസിഡന്റ് കെ.എം.മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി ടി. എം.സലീമും അഭ്യർത്ഥിച്ചു.