കൊച്ചി: കൊവിഡ് പരിശോധനയും ചികിത്സയും കൂടുതൽ ഫലപ്രദമാക്കാൻ ജില്ലയിൽ അടുത്ത ആഴ്ച മുതൽ എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും. ഡോക്ടർ, നഴ്‌സ് തുടങ്ങിയവർ വാഹനത്തിൽ ഉണ്ടായിരിക്കും. അടിയന്തര ചികിത്സ ഉറപ്പാക്കുക, കൊവിഡ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കൊവിസ് അവലോകന യോഗത്തിലാണ് പുതിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം തുടങ്ങാൻ തീരുമാനമായത്. ജില്ലയിൽ പുതിയ ആർ.ടി.പി.സി.ആർ മെഷീൻ എറണാകുളം പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ടെസ്റ്റ് റൺ അടുത്തയാഴ്ച്ച നടക്കും. ഒരാഴ്ചക്ക് ശേഷം മെഷീൻ സാമ്പിൾ പരിശോധനക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന പരമാവധി 200 സാമ്പിളുകൾ പുതിയ മെഷീനിൽ പരിശോധിക്കാൻ സാധിക്കും.