കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നതിന് യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേക്ക് ഒരു കിലോ സ്വർണത്തിന് ആയിരം ഡോളർ വീതം പ്രതിഫലം നൽകിയിരുന്നതായി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി.
ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുൻപ് സ്വപ്നയെ എൻ.ഐ.എ ഓഫീസിൽ വച്ച് കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ കോൺസുലേറ്റിന്റെ അറിവോടെയാണ് നയതന്ത്രചാനൽവഴി സ്വർണം കടത്തിയിരുന്നതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
സ്വപ്നയെയും സന്ദീപ് നായരെയും ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കസ്റ്റംസ് തേടുമെന്നാണ് വിവരം.
സ്വർണക്കടത്തിൽ അറ്റാഷേക്കെതിരെ എൻ.ഐ.എയ്ക്ക് മൊഴിനൽകിയ സ്വപ്ന ജാമ്യഹർജിയിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. സ്വർണം കൊണ്ടുവന്ന ബാഗേജ് വിട്ടുകിട്ടാൻ വിമാനത്താവളത്തിലും കസ്റ്റംസിലും താൻ ഇടപെട്ടത് അറ്റാഷെ ആവശ്യപ്പെട്ടിട്ടാണെന്ന് സ്വപ്ന ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. കള്ളക്കടത്തിൽ അറ്റാഷേക്ക് പങ്കുണ്ടെന്ന് സന്ദീപും സരിത്തും മൊഴി നൽകിയിരുന്നു.