കൊച്ചി: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സർക്കാരും ഭരണകൂടങ്ങളും ആരോഗ്യ പ്രവർത്തകരും മാത്രം ചെയ്യേണ്ടതാണെന്ന് കരുതാതെ കൊവിഡിനെതിരായ യുദ്ധത്തിൽ എല്ലാവരും പങ്കുചേരണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സ്വന്തം ഉത്തരവാദിത്വം മനസിലാക്കി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവു. റോട്ടറി കൊച്ചിൻ കോസ്‌മോസ് 'ഒരുമയോടെ ജീവിക്കാം ഒന്നായി നേരിടാം' എന്ന പ്രമേയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫ്ളാറ്റ്, വില്ല സമുച്ചയങ്ങളുടെ അസോസിയേഷൻ പ്രതിനിധികൾ വെബിനാറിൽ പങ്കെടുത്തു.കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറിൽ നിന്ന് നൂറാവാൻ വലിയ പ്രയാസമില്ല. രോഗമുക്തി നൂറിൽ നിന്നും ആറിലേക്കെത്താൻ വലിയ പ്രയാസമാണ്. വരാനിരിക്കുന്ന ദുരന്ത വായനയിലെ ഓരോ കഥാപാത്രങ്ങളാണ് നമ്മളെന്ന് തിരിച്ചറിയണം. എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ സ്വയം രംഗത്തെത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെ ദുരന്തത്തിന് പകരം ആരോഗ്യ പ്രശ്‌നമായി കാണുകയാണ് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത ആവശ്യപ്പെട്ടു. മറ്റേതു ആരോഗ്യ പ്രശ്‌നവും പോലെ തന്നെയാണ് കൊവിഡും ബാധിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് രോഗമരണം 2.4 ശതമാനവും കേരളത്തിലത് ഒരു ശതമാനത്തിൽ താഴേയുമാണ്. സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം എന്നിവയിലൂടെ കൊവിഡിനെ അകറ്റി നിറുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും ഡോ. കെ സവിത പറഞ്ഞു.ചെറിയ പ്രദേശത്ത് കൂടുതൽ പേർ താമസിക്കുന്ന സ്ഥലമാണ് ഗേറ്റഡ് കമ്യൂണിറ്റിയെന്നതിനാൽ അണുനശീകരണം ഉൾപ്പെടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സാമൂഹ്യ അകലം ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരമാവധി പാലിക്കാൻ ശ്രമിക്കണം.
കൊവിഡ് വ്യാപനത്തിൽ എറണാകുളവും കൊച്ചിയും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കൂടുതൽ ശ്രദ്ധയാണ് പരമാവധി രോഗബാധ തടഞ്ഞു നിറുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ജോസ് ചാക്കോ, കൊച്ചിൻ കോസ്‌മോസ് പ്രസിഡന്റ് വെങ്കിടേഷ് ത്യാഗരാജൻ, ശ്രീജിത്ത് പണിക്കർ എന്നിവരും പങ്കെടുത്തു.