കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ വിദ്യാർത്ഥികൾക്ക് നടത്തിയ ഇന്നൊവേഷൻസ് അൺലോക്ഡ് പരിപാടിയിൽ പ്രദർശിപ്പിക്കപ്പെട്ടത് മാസ്‌ക് വെൻഡിംഗ് മെഷീൻ മുതൽ കൊവിഡ് രോഗം കണ്ടെത്തുന്ന സോഫ്റ്റ്‌വെയർ വരെ.
150 ലേറെ ആലശയങ്ങളും മാതൃകകളുമാണ് അവതരിപ്പിച്ചത്. 21 മാതൃകകളെ സ്റ്റാർട്ടപ്പ് മിഷൻ പ്രാഥമിക വിലയിരുത്തലിനു ശേഷം തിരഞ്ഞെടുത്തു. അടിയന്തര ചികിത്സാ ഉപകരണങ്ങൾ, ആൾക്കൂട്ട നിയന്ത്രണം, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സമ്പർക്കരഹിത ഉപകരണങ്ങൾ, വലിയ ഇടങ്ങൾ സാനിറ്റൈസ് ചെയ്യാനുള്ള സാങ്കേതികവിദ്യ, പരിശോധനാ ഉപകരണങ്ങൾ, പി.പി.ഇ എന്നിവയിലാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. എൻജിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥി സംഘങ്ങളുടെ ഉത്പന്നങ്ങൾക്ക് പുറമെ ജി.വി.എച്.എസ്.എസ് മടപ്പള്ളി, ജിഎച്എസ്എസ് മീനങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളും ഇവയിൽ പെടും
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് എന്നിവർ പങ്കെടുത്തു.