കൊച്ചി: ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്ന് ലക്ഷദ്വീപിൽ നിന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചെങ്കിലും ജീവന്റെ കര തൊടാനാവാതെ പിഞ്ചുകുഞ്ഞ് യാത്രയായി. ലക്ഷദ്വീപ് നിവാസികളായ റാഫിഖ് - സാജിതാബീഗം ദമ്പതികളുടെ ഒമ്പതുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ജനനശേഷം അസാധാരണ ഹൃദയത്തുടിപ്പ് കണ്ട് നടത്തിയ വിശദപരിശോധനയിലാണ് കൺജനിറ്റൽ ഹാർട്ട് ഡിസീസ് എന്ന രോഗം സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്ക് ലക്ഷദ്വീപിൽ സൗകര്യമില്ലാതിരുന്നതിനാൽ കുഞ്ഞിനെ എത്രയും പെട്ടെന്ന് കൊച്ചിയിലെത്തിക്കാൻ തീരുമാനിച്ചു. തുടർന്ന് ലിസി ആശുപത്രിയിൽ ചികിത്സയ്ക്കായി സൗകര്യമൊരുക്കി. ഇന്നലെ ഉച്ചയോടെ ദ്വീപിൽനിന്ന് ഹെലികോപ്ടറിൽ നെടുമ്പാശേരിയിലെത്തിച്ചു. എന്നാൽ അവിടെവച്ച് കുഞ്ഞിന് ഹൃദയാഘാതമുണ്ടായി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ സംഘവും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
ലക്ഷദ്വീപിലെ രാജീവ്ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫാർമസിസ്റ്റാണ് കുഞ്ഞിന്റെ പിതാവായ റാഫിഖ്. റാഫിഖിന്റെയും സാജിതയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം കലൂർ തോട്ടത്തുംപടി മസ്ജിദിൽ കബറടക്കി.
ലക്ഷദ്വീപിന്റെ ദുഃഖം
ആവശ്യമായ ചികിത്സാസൗകര്യമില്ലാത്ത ലക്ഷദ്വീപിന്റെ ഒടുവിലത്തെ കണ്ണീരായി 9 നാൾ പ്രായമുള്ള കുഞ്ഞ്. ദ്വീപിൽ ഗുരുതര രോഗാവസ്ഥയിലുള്ളവരെ കൊച്ചിയിലെത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നൽകുന്നത്. ശരാശരി കണക്കെടുത്താൽ വർഷത്തിൽ ഒരു ദിവസം ഒരാൾ എന്ന കണക്കിൽ ലക്ഷദ്വീപിൽ നിന്ന് ചികിത്സ തേടി കൊച്ചിയിലെത്തുന്നുണ്ട്. ദ്വീപിൽ കൊവിഡ് രോഗികൾ വരാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അതിനാലാണ് കുഞ്ഞിന്റെ കബറടക്കം കൊച്ചിയിൽ നടത്തിയത്. ദ്വീപിലേക്ക് പുറമേ നിന്നെത്തുന്ന ഓരോ ആൾക്കും സർക്കാർ നിഷ്കർഷിച്ച കെട്ടിടത്തിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമേ വീടുകളിലേക്ക് മടങ്ങാനാവൂ.