lalu
ലാലു

കൊച്ചി : ചേരാനെല്ലൂർ കെ.ആർ. ജുവലറി കുത്തിത്തുറന്ന് ഒരു കിലോ സ്വർണാഭരണങ്ങളും 90,000 രൂപയും മോഷ്ടിച്ച തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മന്നുള്ളിൽ വീട്ടിൽ ലാലു എന്നു വിളിക്കുന്ന ജോസിനെ (62)പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കകം പ്രതിയെ പിടിച്ചത്. ഒളിവിൽ താമസിച്ചിരുന്ന കളമശേരിയിലെ വീട്ടിൽനിന്ന് സാധനങ്ങൾ എടുക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റുചെയ്തത്. മോഷ്ടിച്ച ആഭരണങ്ങൾ ഈരാറ്റുപേട്ടയിൽ ഒളിപ്പിച്ചുവച്ചത് പൊലീസ് കണ്ടെടുത്തു. ഭാര്യയും മക്കളും യൂറോപ്പിലാണെന്നും അടുത്ത മാസം വരുമ്പോൾ താമസിക്കാനെന്നും പറഞ്ഞാണ് വീടെടുത്തിരുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സാധനങ്ങൾ എടുത്തു മുങ്ങാൻ ആയിരുന്നു പരിപാടി.

ഏറ്റുമാനൂർ സ്റ്റേഷനിൽ മോഷണക്കേസിൽ ജയിലിൽ നിന്നിറങ്ങിയശേഷം ബന്ധുവിന്റെ കാർ എടുത്തായിരുന്നു കറങ്ങിനടന്നിരുന്നത്. ഹിൽപാലസ് സ്റ്റേഷനിൽ കൊലപാതക കേസും പുത്തൻകുരിശ്, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ മോഷണക്കേസുകളും നിലവിലുണ്ട്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, സി.ഐമാരായ സിബി ടോം, അനന്തലാൽ എന്നിവരുടെ നേതൃത്വത്തിൽ ചേരാനെല്ലൂർ എസ്.ഐ രൂപേഷ്, നോർത്ത് എ.എസ്.ഐ വിനോദ് കൃഷ്ണ തുടങ്ങിയവരാണ് ഇയാളെ പിടികൂടിയത്. കൊവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.