തൃക്കാക്കര : കാറുകളിലും മറ്റ് വാഹനങ്ങളിലും അനധികൃത സർക്കാർ ബോർഡ് വയ്ക്കുന്നവരെ പൂട്ടാനൊകരുങ്ങി മോർട്ടോർ വാഹന വകുപ്പ്. സ്വർണക്കടത്ത് കേസിലെ ഒരു പ്രതി സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് വച്ച് യാത്രകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നടപടി. മാത്രമല്ല അനധികൃതമായി സർക്കാർ ബോർഡ് വയ്ക്കുന്ന വാഹനങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി കടുപ്പിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ സിവിൽ സ്റ്റേഷനിലെ സർക്കാർ വാഹനങ്ങളിലായിരിക്കും പരിശോധന. വകുപ്പിന്റെ പേരടങ്ങിയ ബോർഡാണ് ഇത്തരം വാഹനത്തിൽ ഘടിപ്പിക്കേണ്ടത്. അർദ്ധ സർക്കാർ വാഹനങ്ങൾക്ക് നീലയിൽ കറുത്ത ലിപിയിലുള്ള വിവരണമാണ് പ്രദർശിപ്പിക്കേണ്ടത്. വകുപ്പിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നുമില്ലാതെ വെറും 'കേരള സർക്കാർ' എന്നു മാത്രം ബോർഡ് വയ്ക്കുന്ന വാഹനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെയും വകുപ്പ് തല നടപടി സ്വീകരിക്കാനാണ് മോട്ടോർവാഹന വകുപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന.
ചട്ടലംഘനം പലവിധം
സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് വാഹനങ്ങൾ വാടകക്കെടുക്കുന്നത് പതിവാണ്.ഇത്തരത്തിൽ വാടകക്ക് എടുക്കുന്ന വാഹനങ്ങൾ ടാസ്‌സി പെർമിറ്റുള്ള വാഹനങ്ങൾ എടുക്കണമെന്നാണ് ചട്ടം. എന്നാൽ ഒരു കളക്ടർ ഗുരുതരമായ ചട്ടലംഘനം നടത്തിയായി ആരോപണം ഉയർന്നുകഴിഞ്ഞു. ഈ സബ് കളക്ടർ സ്വകാര്യ വാഹനമാണ് ഉപയോഗിക്കുന്നത് .കൂടാതെ ചട്ടങ്ങൾ ലംഘിച്ചു കേരളം സർക്കാർ ബോർഡ് വച്ചാണ് യാത്ര.സർക്കാർ ബോർഡ് വച്ച വാഹനം ഡ്രൈവർമാർ വീട്ടിൽ കൊണ്ടുപോകുന്നതായും പരാതികളുണ്ട്.ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ ഡെപ്പ്യൂട്ടി കളക്ടറുടെ വാഹനം ഡ്രൈവർ വീട്ടിൽ കൊണ്ടുപോകുകയും,സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തതായാണ് ഒടുവിൽ പരാതിക്ക് ഇടയാക്കിയ സംഭവം.