കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ. പഞ്ചായത്തിന്റെ പരിധിയിൽ സമ്പർക്കത്തിലൂടെ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്താൽ പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി ആൻ്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു.

കർശന നിർദ്ദേശം

അൻപതിനായിരത്തോളം ജനസംഖ്യയും നാലായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാണ വ്യവസായ മേഖലകൂടിയായ നെല്ലിക്കുഴിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എം.എൽ.എ ജനങ്ങളോട് ആവശ്യപ്പെട്ടു. സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുഴിയിലെ മെയിൻ റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടയ്ക്കാനും മെയിൻ റോഡിലൂടെ വരുന്ന വഹനങ്ങൾ നെല്ലിക്കുഴിയിൽ നിർത്താതെ പോകുവാനും ആശുപത്രികൾ, മെഡിക്കൽ സ്റ്റോർ, പാൽ സൊസൈറ്റി എന്നിവ മാത്രം തുറന്ന് പ്രവർത്തിക്കുവാനും പലചരക്ക്, പച്ചക്കറി, ബേക്കകറി എന്നിവ റൊട്ടേഷൻ ക്രമത്തിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ തുറക്കുവാനും തീരുമാനിച്ചു.

ജാഗ്രത കടുപ്പിച്ചു

കടകളിൽ എത്തുന്നവരുടെ പേരും മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ മുഴുവൻ കടകളിലും കരുതണമെന്നും കടയിൽ വരുന്നവരും കടയിലെ ആളുകളും മാസക് ധരിക്കകണമെന്നും സാമൂഹിക അകലം പാലിക്കകണമെന്നും കടകളിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കണമെന്നും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധന കർശനമാക്കുവാനും യോഗം തീരുമാനിച്ചു. ബക്രീദുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി മഹല്ല് കമ്മിറ്റികളെ പങ്കെടുപ്പിച്ച് യോഗം ചേരുവാനും തീരുമാനിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, തഹസിൽദാർമാരായ റേയ്ച്ചൽ കെ.വർഗീസ്, സുനിൽ മാത്യൂ, ഡിവൈഎസ്പി മുഹമ്മദ് റിയാസ്, സർക്കിൾ ഇൻസ്പെക്ടർ അനിൽ ബി, തുടങ്ങിയവർ പങ്കെടുത്തു.