ആലുവ: കൊവിഡിൽ നിന്ന് ആലുവയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക് കടക്കുന്നുവെന്നാണ് സൂചന. ഇന്നലെ ആലുവ ലാർജ് ക്ളസ്റ്ററിൽ ഏഴ് പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിനുശേഷം നിത്യേനയുള്ള രോഗികളുടെ എണ്ണത്തിൽ ആലുവ മേഖലയിൽ ഇത്രയധികം കുറവുണ്ടായത് ആദ്യം.
ആലുവ മാർക്കറ്റ് അടച്ചിട്ടതും കർഫ്യൂ ഏർപ്പെടുത്തിയതുമെല്ലാം ഗുണം ചെയ്തുവെന്നാണ് അനുമാനം. ഇന്നലത്തെ കൊവിഡ് കേസുകളിൽ ആറ് എണ്ണവും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ്. ഒന്ന് എടത്തല പഞ്ചായത്തിലും. ആലുവ നഗരസഭക്ക് പുറമെ കീഴ്മാട്, എടത്തല, ചൂർണിക്കര, കടുങ്ങല്ലൂർ,കരുമാല്ലൂർ, ആലങ്ങാട്, ചെങ്ങമനാട് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് കൊവിഡ് ലാർജ് ക്ളസ്റ്ററിന്റെ പരിധിയിലുള്ളത്. ഇവിടങ്ങളിലെല്ലാം 22ന് രാത്രി 12 മുതൽ കർഫ്യൂവാണ്. അതിനും രണ്ടാഴ്ച മുമ്പേ ആലുവ നഗരവും കീഴ്മാട് ഗ്രാമപഞ്ചായത്തും പൂർണമായും സമീപ പഞ്ചായത്തുകളിലെ ചില വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായിരുന്നു.
സമീപ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടിയതോടെയാണ് ആലുവ, കീഴ്മാട് ക്ളസ്റ്ററുകളെ യോജിപ്പിച്ചും സമീപ പഞ്ചായത്തുകളെ കൂട്ടിച്ചേർത്തും ആലുവ ലാർജ് ക്ളസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചത്. ഇതോടെ ജനം പൂർണമായി വീടുകളിലേക്ക് ഒതുങ്ങി. നിശ്ചിതസമയംമാത്രം പലചരക്ക് കടകൾ തുറക്കാൻ അനുമതി നൽകി. നിയന്ത്രണം ബാധകമല്ലാതിരുന്നിട്ടും കച്ചവടമില്ലാതെ തുറന്നുവച്ച മെഡിക്കൽ ഷോപ്പുകളും പൂട്ടി. മൊത്തത്തിൽ മടിയില്ലാതെ ജനം കർഫ്യൂ ഏറ്റെടുത്തു. അതോടെ കൊവിഡും പടിക്ക് പുറത്തായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.