കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ 4,5 വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. മെയിൻ റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം സമയക്രമീകരണം പാലിച്ച് തുറന്നാൽ മതിയെന്ന് തീരുമാനിച്ചു.മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടികൾ കർശനമാക്കുവാനും തീരുമാനിച്ചു.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശിച്ചു.ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വടാട്ടുപാറയിൽ ചേർന്ന അടിയന്തിര യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു തഹസിൽദാർമാരായ റെയ്ച്ചൽ കെ.വർഗീസ്, സുനിൽ മാത്യൂ, കുട്ടമ്പുഴ സി ഐ മഹേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.