കൊച്ചി: ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ ഏരിയൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ (എ.എഫ്.ഐ) ബോർഡ് ഒഫ് ഡയറക്ടറായി കണ്ണൂർ സ്വദേശി കമൽ മുഹമ്മദ് നിയമിതനായി. എ.എഫ്.ഐ ചെയർമാൻ ജോസഫ് ഹഗ്ഗിൻസാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ചൊവ്വ ഇംഗ്ലീഷ് സ്‌കൂളിലെ 1980 ബാച്ച് വിദ്യാർത്ഥിയായിരുന്ന കമൽ മനുഷ്യാവകാശ, ചാരിറ്റി പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വിവിധ വ്യവസായ മേഖലകളിലായി മുപ്പത് വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കമൽ മുഹമ്മദിനെ ഐകകണ്ഠ്യേനയാണ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പയ്യാമ്പലം സ്വദേശിയായ കമൽ മുഹമ്മദ് കൊകിലബെൻ ധീരുഭായ് അംബാനി ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷണൽ ബിസിനസ് അസോസിയേറ്റാണ്.