kseb
കെ.എസ്.ഇ. ബി വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു) സി.പി.എം ആരക്കുഴ ലോക്കൽ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽ അഡ്വ. പി എം ഇസ്മയിലും, പി.ആർ. മുരളീധരനും ചേർന്ന് ത്രേസ്യമ്മക്ക് കൈമാറുന്നു

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ ആറൂരിൽ താമസിക്കുന്ന വാലുകണ്ടത്തിൽ ത്രേസ്യാക്കും മാതാവിനും , അഞ്ച് മക്കൾക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.പ്ളാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചതും ഷീറ്റ വലിച്ച് കെട്ടിയതുമായ ഷെഡിലാണ് വർഷങ്ങളായി ഇവർ താമസിച്ചിരുന്നത്. ഓൺലെെൻ പഠനത്തിന് കുട്ടികൾക്ക് ടിവി ഇല്ലെന്നറിഞ്ഞ് ഡി.വൈ .എഫ്. ഐ പ്രവർത്തകർ ടിവിയുമായി ചെന്നപ്പോഴാണ് കറണ്ട് ഇല്ലെന്നുള്ള വിവരം അറിയുന്നത്. ഉടൻ തന്നെ ഓൺലെെൻ പഠനക്ലാസിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അറിയച്ചതോടെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ( സി.ഐ.ടി.യു) ഭാരവാഹികളുൾപ്പടെയുള്ള ജീവനക്കാർ സ്ഥലത്തെത്തി ജീവിത സാഹചര്യം മനസിലാക്കി. നിലവിലെ വീട്ടിൽ കറണ്ട് നൽകുക പ്രായോഗികമല്ലെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി ജിവനക്കാർ ത്രേസ്യാമ്മക്ക് അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനമെടുത്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും സി.പി.എം ആരക്കുഴ ലോക്കൽ കമ്മിറ്റിയും ചേർന്ന് 6.5 ലക്ഷം രൂപ ചിലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് 29 ദിവസം കൊണ്ട് നിർമ്മിച്ചു നൽകി.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പി.എം.ഇസ്മയിൽ, പി.ആർ.മുരളീധരൻ എന്നിവർ ചേർന്ന് ത്രേസ്യാമ്മക്ക് വീടിന്റെ താക്കോൽ കൈമാറി.ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ കുട്ടികൾക്കുള്ള പഠന ഉപകരണങ്ങൾ നൽകി. ബ്രാഞ്ച് സെക്രട്ടറി സജി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി കെ.പി. സതീഷ് കുമാർ, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൽ.ആർ.ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. ബാലകൃഷ്ണൻ, ഡിവിഷൻ പ്രസിഡന്റ് കെ.ദിലീപ് കുമാർ, സെക്രട്ടറി എ.ആർ.രാജേഷ് , ഡിവിഷൻ ഭാരവാഹികളായ സജി പോൾ, ബിനു തങ്കച്ചൻ, അമൽ ജോർജ്, സി.പി. എം ലോക്കൽ സെക്രട്ടറി സാബു ജോസഫ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ റ്റി.എൻ.മോഹനൻ, കെ.എൻ.ജയപ്രകാശ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സിബി കുര്യാക്കോ, പി.ആർ. സജിമോൻ, ബിനോയി ഭാസ്കരൻ, ഷിനോബി ശ്രീധരൻ, അഖിൽ.പി.എം, വാർഡ് മെമ്പർ മേഴ്സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.