ആലുവ: ജീവനക്കാരന്റെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ അടച്ചിട്ടിരിക്കുന്ന ആലുവ സബ് ട്രഷറി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നും തുറക്കില്ല. ജീവനക്കാരൻെറ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വ്യാഴാഴ്ച അടച്ച ട്രഷറി പകരം സംവിധാനമൊരുക്കി ഇന്ന് തുറക്കാനിരിക്കെയാണ് ജീവനക്കാരനും കൊവിഡ് പരിശോധനാഫലം പോസറ്റീവായത്.

ഇതോടെ ട്രഷറിയിലെ 15 ഓളം സഹപ്രവർത്തകർ ക്വാറന്റെയിനിലായി. 50 ശതമാനം ജീവനക്കാർ വീതമാണ് ട്രഷറിയിൽ ജോലി ചെയ്യുന്നതെങ്കിലും കഴിഞ്ഞ 16, 17 തീയതികളിൽ കൊവിഡ് ബാധിച്ച ജീവനക്കാരൻ ബില്ലിംഗ് വിഭാഗത്തിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇയാൾ അവധിയിലുമായിരുന്നു. 16,17 തീയതികളിൽ ട്രഷറി ബില്ലിംഗ് സെക്ഷനുമായി ബന്ധപ്പെട്ടവരും ഇനി നിരീക്ഷണ പട്ടികയിലാകും.

ജില്ലാ ട്രഷറിയുടെ നിർദേശപ്രകാരം ഇന്ന് കെട്ടിക്കിടക്കുന്ന ബില്ലുകളെക്കുറിച്ച് തീരുമാനിക്കും. സമീപ ട്രഷറിയായ കളമശേരിയിൽ നിന്ന് പെൻഷൻ ലഭിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.