മഴുവന്നൂർ: വാര്യർ ഫൗണ്ടേഷന്റെ വനിതാശാക്തീകരണ പദ്ധതിയുടെ ഭാഗമായി തയ്യൽ മേഖലയിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിലുടനീളം തയ്യൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് താത്പര്യമുള്ള വനിതകൾക്ക് തയ്യൽ പരിശീലനവും തുടർ ജോലിയും ഇതു വഴി നൽകും. മിനിമം വേതനം ഉറപ്പാക്കുന്നതോടെപ്പം കാര്യക്ഷമതയ്ക്കനുസരിച്ച് ഉയർന്ന വരുമാനം ലഭ്യമാക്കുന്ന തരത്തിലുള്ളതാണ് പദ്ധതി.
തൃപ്പൂണിത്തറ കൊച്ചുപള്ളിയിൽ ആദ്യ സംരംഭത്തിന് എ.ആർ ഗാർമെന്റ്‌സുമായി ചേർന്ന് തുടക്കമായി. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായി. വാര്യർ ഫൗണ്ടേഷൻ ട്രസ്റ്റി എ.എസ്. മാധവൻ, എ.ആർ ഗാർമെന്റ്സ് എം.ഡി രഞ്ജിത്ത് കുമാർ വി.വി, പഞ്ചായത്ത് അംഗം സുനിൽ, വാര്യർ ഫൗണ്ടേഷൻ അഡ്വൈസറി ബോർഡംഗം ഉഷ എം. പി, കൺവീനർ അനിയൻ പി.ജോൺ, എ.ഇ.ഒ പി.വി. സുരേഷ് തുടങ്ങിയവർ ഓൺലൈനിൽ നടന്ന യോഗത്തിൽ സംസാരിച്ചു.