hepatitis-b

കൊച്ചി: 'കാണാതായ ദശലക്ഷങ്ങളെ കണ്ടുപിടിക്കാം' എന്ന വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ സന്ദേശവുമായി ‌ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കമെന്ന രോഗമുണ്ടെന്ന് തിരിച്ചറിയാതെ ലോകത്ത് ജീവിക്കുന്ന ദശലക്ഷങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം.

രോഗം നിലനിൽക്കുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വകാലമെന്നും (അക്യൂട്ട് )​ ദീർഘകാലമെന്നും (ക്രോണിക്)​ ഹെപ്പറ്റൈറ്റിസിനെ രണ്ടായി തിരിക്കാം. ആദ്യത്തേത് പനി, അസ്വസ്ഥത, ക്ഷീണം എന്നീ ലക്ഷണങ്ങൾ കാട്ടുകയും മഞ്ഞപ്പിത്തമായി മാറുകയും രോഗം തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. മരുന്നുകൊണ്ട് എട്ടാഴ്ചയ്ക്കകം മാറ്റാനാകും. എന്നാൽ രണ്ടാമത്തേത് യാതൊരു ലക്ഷണങ്ങളും കാട്ടാതെ വർഷങ്ങളോളം ശരീരത്തിലുണ്ടാകും. അതിനാൽ തന്നെ പരിശോധനയും നടത്തില്ല. ഒടുവിൽ ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിങ്ങനെ മാരകരോഗങ്ങളായി മാറും. ഒളിച്ചിരിക്കുന്ന വൈറസുകളെ കണ്ടെത്താൻ ഹെപ്പറ്റൈറ്റിസ് തിരിച്ചറിയുന്നതിനുള്ള രക്ത പരിശോധന ഇടയ്ക്ക് നടത്തുകയാണ് പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു.

കേരളവും സൂക്ഷിക്കണം

കേരളവും കരൾവീക്ക രോഗത്തിൽ ഒട്ടും പിന്നിലല്ല. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്താകെ 85 ഇടങ്ങളിൽ പുതുതായി ഹെപ്പറ്റൈറ്റിസ് എ പൊട്ടിപ്പുറപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

2016ൽ നടത്തിയ പഠനപ്രകാരം കോതമംഗലം നെല്ലിക്കുഴിയിൽ ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തി. റാൻഡം പരിശോധനയിൽ 223 രോഗികളെയാണ് പഞ്ചായത്തിൽ കണ്ടെത്തിയത്. 16നും 30നുമിടയിലുള്ളവരായിരുന്നു ഭൂരിഭാഗവും. ഒരു ഹോട്ടലായിരുന്നു രോഗഉറവിടം. കോലഞ്ചേരി ഊരമന ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി വ്യാപകമാകുന്നതായി കണ്ടെത്തി. കാരണം കണ്ടെത്താനായിട്ടില്ല.


ഹെപ്പറ്റൈറ്റിസ് വകഭേദങ്ങൾ - പകരുന്ന വിധം

 എ, ഇ - രോഗിയുടെ മലവിസർജനത്തിലൂടെ മലിനമാക്കപ്പെടുന്ന വെള്ളം, ഭക്ഷണം എന്നിവയിലൂടെ (അക്യൂട്ട്)​

 ബി,സി - രോഗിയുടെ രക്തം, ശരീരദ്രവം എന്നിവയിലൂടെയും രോഗിയായ അമ്മയിൽനിന്ന് കുഞ്ഞിലേക്കും. (ക്രോണിക്)

 ഡി - കേരളത്തിൽ സാധാരണമല്ല. രക്തത്തിലൂടെ പകരും. ബി വൈറസ് ശരീരത്തിലുള്ളവർക്ക് മാത്രമേ ഡി ബാധിക്കൂ.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ചാൾസ് പനയ്ക്കൽ, കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം

ഡോ. അനിൽ ജോസ് കൊക്കാട്ട് , കൺസൾട്ടന്റ് ഗാസ്ട്രോ എന്ററോളജിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം