കൊച്ചി: ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് സമൂഹവ്യാപനത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിസമൂഹം ഏറെ ആശങ്കയിലാണ്. മറ്റുള്ളവരെ പോലെ പല ശാരീരികപരിമിതകളുള്ളവരും ചികിത്സയ്ക്കായി ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നത് കണക്കിലെടുത്ത് ഭിന്നശേഷി സൗഹൃദമായ ശൗചാലയങ്ങൾ ഉൾപ്പെടെ പ്രത്യേക മുറികൾ ഒരുക്കണം. വീൽചെയറിന് കടന്നു ചെല്ലാനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ കളക്ടർമാർക്കു നൽകിയ കത്തിൽ ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.