കൊച്ചി: മൊബൈലിൽ തോണ്ടിയും ടി.വി കണ്ടും സമയം കളഞ്ഞിരുന്ന ചെറുപ്പക്കാർ വായനയിലേക്ക് തിരിയുന്നു. ഇ റീഡിംഗ് മാത്രമല്ല, ലൈബ്രറികളിലെ അംഗസംഖ്യയും വർദ്ധിച്ചു. കൊവിഡ് കാലമായിട്ടും ശരാശരി രണ്ട് പേർ വീതം ദിവസവും പുതിയ അംഗത്വം എടുക്കുന്നുണ്ടെന്ന് എറണാകുളം പബ്ളിക് ലൈബ്രറി ജീവനക്കാർ പറയുന്നു. കൊവിഡ് വ്യാപന ഭീഷണി കണക്കിലെടുത്ത് കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക ഇളവുകളുമുണ്ട്.അംഗത്വമെടുക്കാൻ നേരിട്ട് വരേണ്ട കാര്യമില്ല. ആധാർ ഉൾപ്പടെ ഏതെങ്കിലും തിരിച്ചറിയിൽ രേഖ ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചാൽ ഇഷ്‌ടമുള്ള പുസ്തകങ്ങൾ വരിവരിയായി മുന്നിലെത്തും.
# വായന മുടങ്ങുന്നതിന്റെ സങ്കടത്തിൽ മുതിർന്നവർ
പബ്ലിക് ലൈബ്രറിയിൽ 11,000 അംഗങ്ങളാണുള്ളത്. ഇവരിൽ 7,000 പേർ മുതിർന്ന പൗരൻമാരാണ്. കുട്ടികൾക്കും 60 വയസിന് മേൽ പ്രായമുള്ളവർക്കും ഇപ്പോൾ ലൈബ്രറിയിലേക്ക് പ്രവേശനമില്ല. താഴത്തെ നിലയിലെ റീഡിംഗ് ഹാളും ശൂന്യമാണ്.
# പുസ്തകങ്ങൾക്കും ക്വാറന്റൈൻ
റാക്കുകളിൽ ഇരിക്കുന്ന പുസ്തകങ്ങളിൽ സ്പർശിക്കാൻ അനുവാദമില്ല. ആവശ്യമുള്ളത് ജീവനക്കാർ എടുത്തു നൽകും. വായനക്കാർ തിരിച്ചേല്പിക്കുന്ന പുസ്തകങ്ങൾ അതാത് ദിവസങ്ങളിൽ ഓരോ ബോക്സിലേക്ക് മാറ്റും. 14 ദിവസം കഴിഞ്ഞാൽ ഇവ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ തിരിച്ചുവയ്ക്കും. ശരാശരി 500 പേർ നിത്യേന വന്നുപോയിരുന്ന സ്ഥാനത്ത് ലൈബ്രറിയിലെ സന്ദർശകരുടെ എണ്ണം ഇപ്പോൾ 60 ആയി. റഫറൻസ് വായന വിഭാഗവും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരുടെ എണ്ണം കുറച്ചതിനാൽ വൈകിട്ട് അഞ്ചു മണിയോടെ ലൈബ്രറി അടയ്ക്കും. മുൻകൂട്ടി അറിയിച്ചാൽ വൈകിയെത്തുന്ന അംഗങ്ങൾക്കായി ജീവനക്കാർ കാത്തിരിക്കും.
# ചർച്ചകൾ ഓൺലൈനിൽ
കൊവിഡ് ഭീഷണി നീളുന്ന സാഹചര്യത്തിൽ ലൈബ്രറി ഹാളിൽ പതിവായി സംഘടിപ്പിച്ചിരുന്ന സാഹിത്യസംവാദങ്ങളും പ്രഭാഷണങ്ങളും ഓൺലൈനിലായി. പ്രശസ്ത സാഹിത്യകാരനായ ഓർഹാൻ പാമുക്കിന്റെ സാഹിത്യജീവിതത്തെ കുറിച്ച് ഡോ.പ്രിയ കെ. നായരുടെ ഫേസ്‌ബുക്ക് പ്രഭാഷണത്തോടെ കഴിഞ്ഞ ശനിയാഴ്ച ഓൺലൈൻ സാഹിത്യ പരിപാടികൾക്ക് തുടക്കം കുറിച്ചു.
# എക്സ്റ്റൻഷൻ കൗണ്ടറുകൾ അടഞ്ഞു
ഹൈക്കോടതി, ജി.സി.ഡി.എ, ഇൻഫോപാർക്ക്, ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിച്ചിരുന്ന ലൈബ്രറിയുടെ എക്സ്റ്റൻഷൻ കൗണ്ടറുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.