sivasankar

കൊച്ചി: അഭ്യൂഹങ്ങൾക്കും രാഷ്‌ട്രീയ നെഞ്ചിടിപ്പിനുമിടയിലെ പുലർച്ചെയിൽ നാടകീയമായി തിരുവനന്തപുരം പൂജപ്പുരയിലെ വീടിന്റെ പൂമുഖത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ . പേരൂർക്കടയിലെ പൊലീസ് ക്ളബിൽ എൻ.ഐ.എയുടെ ചോദ്യംചെയ്യലിന് അഞ്ചു മണിക്കൂർ വിധേയനായ ശിവശങ്കറിനെ കൊച്ചിയിലെത്താൻ നിർദേശിച്ചതോടെ തുടങ്ങിയ അഭ്യൂഹങ്ങൾ. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നായിരുന്നു അതിലൊന്ന്. എന്നാൽ തനിക്ക് ഒളിക്കാനൊന്നുമില്ലെന്ന നിലപാടിൽ ശിവശങ്കർ കൊച്ചിയിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി. യാത്ര അഞ്ച് മണിക്കൂറിനുള്ളിൽ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ അവസാനിച്ചു. കൈയിലുണ്ടായിരുന്ന ഒരു കെട്ട് പേപ്പറിനുള്ളിലെ രഹസ്യമെന്തായിരിക്കും?..

 പുലർച്ചെ 4.30

പൂജപ്പുരയിലെ വീടിന്റെ പോർച്ചിൽ കി‌ടന്ന കെ.എൽ- 01 ബി.ക്യൂ 9948 ചുവന്ന ഐ 20 കാറിന്റെ പിന്നിലെ ഡോർ തുറന്ന് ശിവശങ്കർ ഉള്ളിലേക്ക്. ഡ്രൈവർക്കൊപ്പം മുൻനിര സീറ്റിൽ അടുത്തബന്ധുവും. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒളിക്കാതെ പുറത്തേക്ക്. കാറിന് മുന്നിലും പിന്നിലുമായി പൊലീസ് വാഹനങ്ങൾ. കഴക്കൂട്ടം വരെ പൊലീസ് സുരക്ഷ. പിന്നീട് വഴിമാറി. മാദ്ധ്യമങ്ങൾ പിന്നാലെ .

 രാവിലെ 8.45

എറണാകുളത്തിന്റെ അതിർത്തിയായ കുമ്പളത്തെത്തിയതോടെ ശിവശങ്കറിന്റെ കാറിന് മുന്നിലും പിന്നിലുമായി പൊലീസ് വാഹനങ്ങൾ . പത്ത് കിലോമീറ്റർ അപ്പുറമുള്ള കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് വാഹനവ്യൂഹം

 രാവിലെ 9.15

കടവന്ത്ര ഗിരിനഗറിലുള്ള എൻ.ഐ.എ ഓഫീസ് റോഡിലേക്ക് വാഹനങ്ങളെത്തി. മാദ്ധ്യമങ്ങൾക്ക് നടുവിൽ കൂസലില്ലാതെ നടുറോഡിലേക്ക് ശിവശങ്കർ ഇറങ്ങി. മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മിണ്ടിയില്ല. ഏതിലെ പോകണമെന്ന് അറിയാതെ ഉഴറിയപ്പോൾ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തി വഴികാട്ടി. ഓഫീസിന്റെ ഉള്ളിലേക്കുള്ള കവാടത്തിൽ തെർമൽസ്കാനിംഗ്. ഇരുകൈകളും പിന്നിൽ കെട്ടിയായിരുന്നു നിൽപ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ സാനിറ്റൈസർ എടുത്തതോടെ കൈനീട്ടി. ഇരുകൈകളും തിരുമ്മി അകത്തേക്ക്. എൻ.ഐ.എ കവാടത്തിന്റെ ഗേറ്റടഞ്ഞു. പിന്നീട് ചോദ്യംചെയ്യലിന്റെ മണിക്കൂറുകൾ.