കോലഞ്ചേരി: പരീക്ഷ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഐ.സി.ഡി.എസ് സൂപ്പർവൈസർ ജനറൽ കാ​റ്റഗറിയുടെ ചുരുക്ക സാദ്ധ്യതപട്ടിക വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന തസ്തികയാണ് ഐ.സി.ഡി.എസ് സൂപ്പർവൈസർ. തസ്തികയിൽ സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 188 ഒഴിവുകളാണ്.നിലവിൽ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാതെ നട്ടം തിരിയുകയാണ് ഐ.സി.ഡി.എസ് . സംസ്ഥാനത്താകെ 1327 സൂപ്പർവൈസർ തസ്തികകളാണ് നിലവിലുള്ളത്. അതിൽ 250ഓളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ് .ഒരു സൂപ്പർവൈസറുടെ കീഴിൽ ഏകദേശം 25 അങ്കണവാടികളാണുള്ളത് .
ഈ തസ്തികയിലേക്ക് 2018 ഡിസംബർ 29ന് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു .

# സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല

ഒരു വർഷത്തിനുശേഷം 2020 ജനുവരി നാലിനാണ് പരീക്ഷ നടന്നത്. 8491 പേർ പരീക്ഷ എഴുതി എങ്കിലും നിലവിൽ സാദ്ധ്യത പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. കാലതാമസം,നിയമനം അനിശ്ചിതത്വത്തിലേക്ക് ആവുകയാണെന്ന ആശങ്കയാണ് പരീക്ഷാർത്ഥികൾക്ക്. അങ്കണവാടിയുടെ നടത്തിപ്പ് മുതൽ ഭിന്നശേഷി ക്ഷേമം,വയോജന കരുതൽ, തദ്ദേശ സ്ഥാപനങ്ങളുടെ ക്ഷേമ ജോലികൾ എന്നിവയെല്ലാം ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ കീഴിലാണ്. നിലവിലുള്ള പലതും അധിക ചുമതലയിലൂടെയാണ് നിലവിൽ പ്രവർത്തിച്ച് വരുന്നത്.

# കൊവിഡ് കാരണം പ്രതിസന്ധിയിിൽ

കുഞ്ഞുങ്ങളുടെ പോഷകാഹാരം,പഠനം, ആരോഗ്യം എന്നിവയുടെ മേൽനോട്ടം എന്നിവ അങ്കണവാടി ജീവനക്കാർക്ക് ഒപ്പമെത്തി ഉറപ്പാക്കേണ്ടതും ഗർഭിണികൾ, രോഗികൾ എന്നിവരുടെ വിവരശേഖരണം, ചികിത്സ ഉറപ്പാക്കൽ എന്നിവയും സൂപ്പർവൈസർമാരുടെ ചുമതലയാണ്. അടിയന്തിര പ്രാധാന്യം നൽ‌കേണ്ട ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തിക നിയമനത്തിൽ ഉള്ള കാലതാമസം കൊവിഡ് പ്രവർത്തനങ്ങളെയും, വനിതാ ശിശു ക്ഷേമ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു കഴിഞ്ഞു.