കൊച്ചി: കൊവിഡ് 19 രോഗവ്യാപനമുണ്ടായാൽ നേരിടാൻ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (എഫ്.എൽ.ടി.സി). ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എൽ.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതൽ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി ഉടൻ സജ്ജമാകും. 10,000 കിടക്കകളാണ് വിവിധ എഫ്.എൽ.ടി.സികളിലായി ജില്ലയിൽ സജ്ജമാക്കുന്നതിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്ക് അവരുടെ പ്രദേശത്ത് തന്നെ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. മുഴുവൻ സമയ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുള്ള ഈ കേന്ദ്രങ്ങളിൽ ആംബുലൻസ് സേവനവും ഉണ്ടാകും. ഏതെങ്കിലും രോഗിക്ക് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഉടനടി മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് എഫ്.എൽ.ടി.സികളുടെ നടത്തിപ്പ് ചുമതല. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഒൻപത് എഫ്.എൽ.ടി.സികളിൽ ചികിത്സയിലുള്ളത് 563 പേരാണ്.