പിറവം: കളമ്പൂരിലുള്ള വ്യക്തിക്ക് കൊവിഡ് പോസിറ്റി വായതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുവാൻ അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ ഉള്ളവരെ ടെസ്റ്റിനു വിധേയമാക്കണമെന്ന് എം.എൽ.എ കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ടെസ്റ്റുകൾ നടത്താത്തത് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നതായി യോഗം വിലയിരുത്തി. കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്ത്, എടയ്ക്കാട്ടുവയൽ പഞ്ചായത്ത്, മണീട് പഞ്ചായത്ത്, പിറവം മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹത്തിന് സമ്പർക്കം ഉണ്ടായതായിട്ടാണ് അനുമാനിക്കുന്നത്.കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി സമ്പർക്കത്തിൽപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇപ്പോഴത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥിതിഗതികൾ കൊവിഡ് കൺട്രോൾ സെല്ലിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും. യോഗത്തിൽ വൈക്കം എം.എൽ.എ സി.കെ ആശ, മൂവാറ്റുപുഴ തഹസീൽദാർ സതീശൻ കെ.എസ്, എടയ്ക്കാട്ട് വയൽ പഞ്ചായത്ത് പ്രസിഡന്റ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്, പിറവം മുൻസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ, അരുൺ കല്ലറയ്ക്കൽ, ഐഷാ മാധവൻ, മുകേഷ് തങ്കപ്പൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. അരുൺ, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ ജെ.ഇളന്തട്ട്, പിറവം സബ് ഇൻസ്പെക്ടർ ഇ.കെ സുര, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.