പിറവം: പിറവത്ത് കൊവിഡ് സ്ഥിരീകരിച്ച കേബിൾ ടിവി ജോലിക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട 13 പേരെ ക്വാറൻ്റൈയ്നിലാക്കി. ഈ മാസം 15 മുതലുള്ള ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുകയാണ്. പനിയും മറ്റുമായി പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോലിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വെള്ളൂർ , മുളക്കുളം എന്നിടങ്ങളിലും എടയ്ക്കാട്ടുവയൽ പഞ്ജായത്തിലെ വിവിധ പ്രദേശങ്ങളിലും ഇയാൾ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പിറവത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതായി നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ് അറിയിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാമമംഗലം സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവിടെയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ സമ്പർക്കപ്പട്ടയിൽ ഉൾപ്പെട്ടവർ ക്വാറൻ്റൈയ്നിൽ കഴിയണമെന്നും പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടായാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.