കൊച്ചി : നയതന്ത്രചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിൽ യു.എ.ഇയിലുള്ള തൃശൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ പുതുപ്പാടി കരിക്കൻകുടിയിൽ റബിൻസ് എന്നിവരെ കസ്റ്റംസ് പ്രതിചേർത്തു. ഇവരെ 17, 18 പ്രതികളാക്കിയാണ് അന്വേഷണസംഘം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വാറണ്ടിൽ ഇവരെ നാട്ടിലേക്ക് കൊണ്ടുവരാനായി കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്.
നയതന്ത്ര ബാഗിലൊളിപ്പിച്ച നിലയിൽ 30 കിലോ സ്വർണം ദുബായിൽ നിന്ന് അയച്ചത് ഫൈസൽ ഫരീദാണ്. ദുബായിൽ ഹവാല ഇടപാടുകളിൽ ബന്ധമുള്ള റബിൻസാണ് പലപ്പോഴും ഫൈസലിന്റെ പേരിൽ ബാഗ് അയച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ ജലാൽ മുഹമ്മദ് മൊഴിനൽകിയിരുന്നു.
മറ്റുപത്രികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫൈസൽ ഫരീദിന്റെയും റബിൻസിന്റെയും പങ്ക് വ്യക്തമായത്. ഇവരുടെ നാടുകളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികൾ യു.എ.ഇയിലാണെന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.