vinayak

കൊച്ചി: ,​സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ചതിന് ശേഷം വിനായകിന് അഭിനന്ദന പ്രവാഹമാണ്. പക്ഷേ ആഗ്രഹംപോലെ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനുള്ള അപേക്ഷ അയക്കാൻ വിനായകിന് വീട്ടിൽ നിന്ന് കിലോമീറ്ററുകൾ പിന്നിട്ട് തൊടുപുഴ ടൗണിലെ ഇന്റർനെറ്റ് കഫേയിൽ എത്തേണ്ടിവന്നു. വിളിച്ച ആരോടും വിനായക് സ്വന്തമായി ലാപ്ടോപ്പോ മൊബൈലോ ഇല്ലെന്ന കാര്യം പറഞ്ഞില്ല. അമ്മയുടെ ഫോണിലാണ് വിനായക് അഭിനന്ദനങ്ങൾക്ക് മറപടി നൽകുന്നത്. ഒന്നാംക്ളാസ് കുട്ടികൾക്കുവരെ ക്ളാസുകൾ ഓൺലൈനിലാവുകയും ലാപ്പ്ടോപ്പും ഇന്റർനെറ്റ് സൗകര്യങ്ങളും വീടുകളിൽ സർവസാധാരണമായപ്പോഴാണ് വിനായകിന്റെ ദുർഗതി.

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഇന്ത്യയിൽ കൊമേഴ്സ് വിഭാഗത്തിൽ ഏറ്റവുംകൂടുതൽ മാർക്ക് നേടിയ എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥിയാണ് മൂവാറ്റുപുഴ മടക്കത്താനം മാലിൽ വീട്ടിൽ എം. വിനായക്.

500ൽ 493 മാർക്ക് വാങ്ങിയ വിനായകിനെ കഴിഞ്ഞദിവസം പ്രധാനമന്ത്രി ഫോണിൽ വിളിക്കുകയും ആ ഫോൺ സംഭാഷണം അദ്ദേഹത്തിന്റെ മൻ കി ബാത്തിൽ രാജ്യമൊട്ടാകെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. മോദി വിളിച്ചതിന് പിന്നാലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകരടക്കം നിരവധിപേരാണ് വിനായകിന് അഭിനന്ദനവുമായി നേരിട്ടും ഫോണിലും എത്തിയത്.

എത്ര കഷ്ടപ്പെട്ടായാലും മകനെ അവന്റെ ആഗ്രഹം പോലെ ന്യൂഡൽഹിയിൽ അയച്ചു പഠിപ്പിക്കാനാകണേയെന്നാണ് പ്രാർത്ഥനയെന്ന് കൂലിപ്പണിക്കാരനായ അച്ഛൻ മനോജും അമ്മ തങ്കയും പറയുന്നു.

മിസോറം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള, സുരേഷ് ഗോപി എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, എൽദോ എബ്രഹാം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.