കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂരുമല ടൂറിസം പദ്ധതിയ്ക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച പദ്ധതിയുടെ പൂർത്തീകരിച്ചു. ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ (ബുധൻ) രാവിലെ 11 മണിക്ക് വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കും. വാച്ച് ടവ്വർ,കുരുമലയിലേയ്ക്കുള്ള നടപ്പാതയും കൈവരികളും, മണ്ഡപം,സോ്ര്രഫ് ലാന്റ് സ്‌കേപ്പിംഗ് എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2013ലാണ് ഭരണാനുമതി ലഭിച്ചതെങ്കിലും പദ്ധതി നിർവഹണം ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുകയുണ്ടായി. തുടർന്ന് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് മോണിറ്ററിംഗ് കമ്മിറ്റിയുടെ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തിയാണ് പദ്ധതിയുടെ പൂർത്തീകരണം യാഥാർത്ഥ്യമാക്കിയത്. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ നെല്ലൂരുപാറ കൂരുമല റോഡിന്റെ കോൺക്രീറ്റിങ്ങും പൂർത്തിയായിട്ടുണ്ട്. ഇതോടെ ഈ റോഡിൽ കൂടി കൂരുമലയുടെ മുകൾ ഭാഗം വരെ വാഹനങ്ങൾ എത്തുവാനുള്ള സൗകര്യവുമായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിളിൽ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ സംബന്ധിക്കും.