കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ അതിർത്തിയിലെ വ്യാപാരസ്ഥാപനങ്ങൾ മൂന്നു ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം. നഗരസഭയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ജീവനക്കാരനും കുടുംബത്തിലെ മറ്റ് രണ്ടുപേർക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഇന്നലെ രാവിലെ അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന ജാഗ്രതാസമിതി യോഗം ബുധനാഴ്ച വരെ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന നിർദേശം നൽകി. തുടർന്ന് ചെയർമാൻ റോയി എബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ജാഗ്രതാ സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചു.പാൽ, പത്രം, മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ് തുടങ്ങിയ സേവനങ്ങൾ ഉണ്ടാകും. ജാഗ്രത സമിതി യോഗത്തിൽ നഗരസഭ അധികൃതർ, ആരോഗ്യവിഭാഗം അധികൃതർ, പൊലീസ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ നിർദ്ദേശങ്ങൾ അനൗൺസ്മെന്റ് വഴി പൊതുജനങ്ങളെ അറിയിച്ചു.
# പ്രതിരോധ പ്രവർത്തനം ഊർജ്ജിതം
ആരോഗ്യവകുപ്പ് സമ്പർക്കപ്പട്ടിക തയ്യാറാക്കി. ആശുപത്രി ജീവനക്കാരുൾപ്പടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ ബന്ധുക്കളുടെ സ്രവം പരിശോധിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ, ഗവൺമെന്റ് ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണുനശീകരണം നടത്തി.