ഫോർട്ടുകൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ മട്ടാഞ്ചേരി ബസാറിനും താഴ് വീണു. നഗരസഭയുടെ അഞ്ചാം ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായതോടെയാണ് ബസാർ പൂട്ടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നില്കിയത്. കരകൗശല വസ്തുവില്പനശാലകൾ മലഞ്ചരക്ക്, കയർ, വെളിച്ചെണ്ണ, അരി, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ മൊത്തവിതരണ ശാലകളടക്കം 1500ലധികം കടകളാണ് ബസാറിൽ പ്രവർത്തിക്കുന്നത്. ബസാർ പൂട്ടിയതോടെ മട്ടാഞ്ചേരി നിശ്ചലമായി.

സമ്പർക്ക ഭീതിയെ തുടർന്മന് കടപ്പുറം, ജൂതപ്പള്ളി, വാസ്കോഡ ഗാമ പള്ളി, മട്ടാഞ്ചേരി പാലസ് എന്നിവ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. ചീനവല മീൻ ലേലവും വില്പനയും നിരോധിച്ചിട്ടുണ്ട്. ബോട്ട്, ജങ്കാർ സർവീസ് നിർത്തി. സ്വകാര്യ ബസുകൾ പലതും പനയപ്പിള്ളി, കൂവപ്പാടം വരെ മാത്രമാണ് സർവീസ് നടത്തുന്നത്. വാഹനത്തിൽ യാത്രക്കാർ ഇല്ലാതായതോടെ അടുത്ത മാസം ഒന്നു മുതൽ സർവീസ് പൂർണമായും നിർത്തിവെക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് പോലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റി പോയിരുന്നത് മട്ടാഞ്ചേരി ബസാറിൽ നിന്നായിരുന്നു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി കൂടാതെ ചെല്ലാനവും പള്ളുരുത്തിയിലെ നമ്പ്യാപുരം ഡിവിഷനും അടച്ചു പൂട്ടിയിട്ടുണ്ട്.