കൊച്ചി: നാടകീയവും ഉദ്വേഗജനകവും സർക്കാരിന്റെ നെഞ്ചിടിപ്പുയർത്തിയതുമായ ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് വീണ്ടും ഹാജരാകാൻ എൻ.ഐ.എ നോട്ടീസ് നൽകി. നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനു ശേഷവും ക്ളീൻ ചിറ്റ് നൽകാതിരുന്നതോടെ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് സൂചന.
എൻ.ഐ.എ ഓഫീസിലെ ദീർഘമായ ചോദ്യംചെയ്യലിൽ കുരുക്ക് മുറുകിയെന്ന് സൂചിപ്പിക്കും വിധം, രാത്രി ഏഴിന് പുറത്തിറങ്ങിയ ശിവശങ്കർ ഹൈക്കോടതിക്കു സമീപം പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവിന്റെ ഓഫീസിലേക്ക് പോയെങ്കിലും മാദ്ധ്യമങ്ങളെ കണ്ടതോടെ കാറിൽ നിന്നിറങ്ങാതെ മടങ്ങി.
സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടോ എന്നാണ് എൻ.ഐ.എ പരിശോധിച്ചത്. പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തും കൊച്ചിയിലുമായി 14 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും സ്വർണക്കടത്തുമായി ശിവശങ്കറിന് പങ്കില്ലെന്നു പറയാൻ എൻ.ഐ.എ തയ്യാറായിട്ടില്ല. അദ്ദഹത്തെ കുറ്റവിമുക്തനാക്കിയുമില്ല.
സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുമായി സൗഹൃദം മാത്രമെന്നാണ് ശിവശങ്കർ ആദ്യഘട്ട ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ഇന്നലത്തെ ചോദ്യംചെയ്യലിൽ സംശകരമായ കൂടുതൽ കാര്യങ്ങളിൽ വ്യക്തത തേടിയെങ്കിലും സുതാര്യമായ മറുപടി നൽകാൻ ശിവശങ്കറിനായില്ല. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി തങ്ങൾ ശിവശങ്കറിനെ കണ്ടുവെന്ന സരിത്തിന്റെ മൊഴിയാണ് ഉൗരാക്കുടുക്കായത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇതിന് വ്യക്തത ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ നിലപാട്.
ഫ്ളാറ്റിൽ പ്രതികൾക്കൊപ്പം സ്ഥിരമായി ഒത്തുചേർന്ന ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിലും ശക്തമായ തെളിവുകൾക്കായാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പല ചോദ്യങ്ങൾക്കും കുറ്റകരമായ മൗനമായിരുന്നു. നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതറിഞ്ഞ് സ്വപ്‌ന ശിവശങ്കറിനെ വിളിച്ചത് സഹായം അഭ്യർത്ഥിച്ചാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എൻ.ഐ.എ സൂചിപ്പിച്ചു.
ഇന്നലെ രാവിലെ പത്തു മണിക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചിരുന്നതെങ്കിലും 40 മിനിട്ട് നേരത്തേ ശിവശങ്കർ എറണാകുളം ഗിരിനഗറിലെ എൻ.ഐ.എ ഓഫീസിലെത്തി. എൻ.ഐ.എ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുൽ, അഡിഷണൽ എസ്.പി ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥൻ സി. രാധാകൃഷ്‌ണപിള്ള, ഹൈദരാബാദ്, ബംഗളൂരു യൂണിറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. എൻ.ഐ.എ ദക്ഷിണേന്ത്യ മേധാവി കെ.ബി. വന്ദന വീഡിയോ കോൺഫറൻസ് വഴി ചോദ്യംചെയ്യലിൽ പങ്കെടുത്തു.
ബോക്സുമായി
കസ്റ്റംസെത്തി
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ കസ്‌റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ഒരു ബോക്സുമായി എൻ.ഐ.എ ഓഫീസിലെത്തി. അന്വേഷണസംഘത്തിന് ബോക്‌സ് കൈമാറി, രേഖാമൂലമുള്ള നടപടിക്രമങ്ങൾ അവസാനിച്ചതോടെ അഞ്ചു മിനിട്ടിനുള്ളിൽ ഉദ്യോഗസ്ഥർ മടങ്ങി. ബോക്‌സിനുള്ളിൽ മുദ്രവച്ച കവറിലെ രേഖകൾ ശിവശങ്കറുമായി ബന്ധപ്പെട്ടതാണെന്നു വ്യക്തം. കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറാണ് ബോക്സ് കൊടുത്തയച്ചത്.
മുൻകൂർ ജാമ്യാപേക്ഷ നൽകില്ല
ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് പറഞ്ഞു. തന്നെ കാണാൻ ഓഫീസിനു മുന്നിൽ എത്തിയിരുന്നെങ്കിലും, ചോദ്യം ചെയ്യൽ അവസാനിക്കാത്തതിനാൽ കാണേണ്ടെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു..
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരാശങ്കയുമില്ല. എൻ.എെ.എ അന്വേഷണം കൃത്യമായി നടക്കുന്നു. എത്ര തവണ ചോദ്യം ചെയ്യണമെന്നും എന്ത് നിലപാട് എടുക്കണമെന്നും തീരുമാനിക്കേണ്ടത് അവരാണ്.
-പിണറായി വിജയൻ
മുഖ്യമന്ത്രി