കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ ഉൾപ്പെടെ തരംതിരിച്ചു പട്ടിക തയ്യാറാക്കാനുള്ള നടപടിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമി കൃഷിക്കുവേണ്ടി പാട്ടത്തിനു നൽകുന്നതും ഭക്തർ നൽകിയ ആഭരണങ്ങളും മറ്റും വിറ്റഴിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു നൽകിയ ഹർജിയാണ് ദേവസ്വം ബെഞ്ച് ഇപ്രകാരം തീർപ്പാക്കിത്.
ക്ഷേത്രഭൂമിയിലെ കൃഷി
ക്ഷേത്രങ്ങളിലെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പാട്ടത്തിനു നൽകാതെ ക്ഷേത്രം ജീവനക്കാരുടെയും ക്ഷേത്രോപദേശക സമിതിയുടെയും സഹകരണത്തോടെ കൃഷിചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം സ്വാഗതാർഹവും മാതൃകാപരവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭൂമി പാട്ടത്തിനു നൽകുന്നതു തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പാട്ടത്തിനു നൽകാനുള്ള തീരുമാനം ബോർഡ് പിൻവലിച്ചെന്നും ജീവനക്കാരുടെയും ക്ഷേത്രോപദേശക സമിതിയുടെയും സഹകരണത്തോടെ കൃഷി ചെയ്യാനാണ് തീരുമാനമെന്നും ദേവസ്വംബോർഡ് വിശദീകരിച്ചു.