ആലുവ: വിലകൂടിയ സ്‌പോർട്‌സ് സൈക്കിളുകൾ മോഷ്ടിച്ച് സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന മൊബൈൽ ആപ്പിലൂടെ വില്പന നടത്തുന്ന യുവാവ് പിടിയിൽ. ആലുവ പട്ടേരിപ്പുറം ജൂബിലിറോഡിൽ നസ്രേത്ത് പള്ളിക്ക് സമിപം താമസിക്കുന്ന ഊരകത്ത് വീട്ടിൽ എഡ്വിൻ ഷാജിയാണ് (22) പിടിയിലായത്. പ്രതി ആലുവയിൽ നിന്ന് മോഷ്ടിച്ച സ്‌പോർട്‌സ് സൈക്കിൾ വില്പന നടത്തുന്നതിനായി മറ്റൊരാളുടെ മൊബൈൽ ആപ്പിലൂടെ നൽകിയ പരസ്യം കാണാനിടയായ ഉടമസ്ഥൻ ആലുവ ഈസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പകൽ സമയങ്ങളിൽ സൈക്കിളുകളുള്ള വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തിയ രണ്ട് സൈക്കിളുകൾ കണ്ടെടുത്തിട്ടുണ്ട്. ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാർ, എസ്.ഐ മാരായ ജെർട്ടീന ഫ്രാൻസിസ്, രവി.വി.കെ, എ എസ് ഐ മാരായ ബിജു, ജൂഡ്, എസ്.സി.പി.ഒ മീരാൻ, സി.പി.ഒ മാരായ മുഹമ്മദ് അമീർ, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.