തോപ്പുംപടി: ട്രോളിംഗ് നിരോധനം പിൻവലിച്ചാലും ഗിൽ നെറ്റ് ബോട്ടുകളിലെ ( ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ മത്സ്യങ്ങളെ പിടികൂടുന്ന)​ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഒഴിയണമെങ്കിൽ സർക്കാർ കനിയണം. ഇത്തരം ബോട്ടുകളെല്ലാം തമിഴ്നാട് തീരം കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഗിൽനെറ്റ് ബോട്ടുകൾ കുളച്ചൽ ഹാർബറിൽ അടുക്കാൻ മാത്രമേ അനുവാദമുള്ളൂ. ഇതാണ് തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുന്നത്.

60 വർഷത്തിലധികമായി കൊച്ചി ഹാർബറുകൾ കേന്ദ്രീകരിച്ചാണ് ഗിൽനെറ്റ് ബോട്ടുകളുടെ മത്സ്യബന്ധനം. നിലവിൽ 600 ബോട്ടുകളിൽ 400 എണ്ണവും തമിഴ്നാട്ടിലുള്ളവയാണ്.കൊച്ചിയിലെ തൊഴിലാളികൾ ഇനി കടലിൽ പോകണമെങ്കിൽ അയൽ സംസ്ഥാനത്തെ തൊഴിലാളികൾ മടങ്ങി വരണം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് അവിടെ നിന്നും വരുന്ന തൊഴിലാളികൾക്ക് രോഗമില്ലെന്ന സർട്ടിഫിക്കറ്റുമായി എത്താനുള്ള അനുവാദം നൽകി തൊഴിൽ നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി എം.മജീദ് ആവശ്യപ്പെട്ടു.