vijayakumar

ആലുവ: ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സകിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട് അമിറ്റി ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എടയപ്പുറം അമ്പാട്ടുകവല മോളോത്തുവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പറവൂർ സ്വദേശി ആർ. വിജയകുമാറാണ് (64) മരിച്ചത്.ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇന്നലെ രാവിലെ 9.15ഓടെ ഇയാളെ ഫ്ളാറ്റ് അധികാരികൾ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മുക്കാൽ മണിക്കൂറോളമായിട്ടും പരിശോധിക്കാൻ ആരുമെത്തിയില്ല. 10 മണിയോടെ ആംബുലൻസിൽ വെച്ചായിരുന്നു അന്ത്യം. പരിശോധനയിൽ രോഗി കൊവിഡ് ബാധിതനല്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഒപ്പമുണ്ടായിരുന്നവർ ആദ്യമെത്തിയത്. രോഗലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധനാ വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്കയച്ചു. രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കുന്നതിനായി ആരോഗ്യപ്രവർത്തകർ പി.പി.ഇ. കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു.
ഫ്ളാറ്റിൽനിന്ന് നടന്നാണ് വിജയൻ ആംബുലൻസിൽ കയറിയത്. രോഗിയെ ആംബുലൻസിൽ എത്തിച്ചിട്ടും കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നു. സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. വിജയകുമാർ മൂന്ന് വർഷമായി ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിച്ചാണ് ജോലിക്ക് പോകുന്നത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഇരിട്ടി സ്വദേശിനി ശ്രീമതി. സംസ്കാരം ഇന്ന് രാവിലെ 8.30ന് തോട്ടക്കാട്ടുകര എൻ.എസ്.എസ് ശ്മശാനത്തിൽ നടക്കും.

ആശുപത്രി അധികൃതരുടെ വിശദീകരണം

ചൂർണിക്കര കണ്ടയ്ൻമെന്റ് സോണിൽനിന്ന് ആംബുലൻസിൽ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പ്രസന്നകുമാരി അറിയിച്ചു. കൊവിഡ് നിയമം പാലിച്ചേ കണ്ടെയിൻമെന്റ് സോണിലെ രോഗികളെ പരിചരിക്കുവാൻ കഴിയൂ. ആംബുലൻസിൽ ഐസോലേഷൻ വാർഡിൽ എത്തിച്ച രോഗി​യെ പ്രാഥമികപരിശോധനക്കായി ആശുപത്രി ജീവനക്കാർ വ്യക്തിഗതസുരക്ഷാ ഉപകരണങ്ങളുമായി സമീപിക്കുമ്പോൾ ശരീരം തണുത്തുറഞ്ഞ നിലയിലായിരുന്നു.
കാഷ്വാലിറ്റി ബ്ലോക്കിന് സമീപം സ്ഥിരമായി സ്വകാര്യ ആംബുലൻസ് പാർക്ക് ചെയ്യുന്നതിൽനിന്ന്
ഡ്രൈവറെ ആശുപത്രി അധികൃതർ വിലക്കിയിരുന്നു. ഈ വ്യക്തിയും മറ്റൊരു ആംബുലൻസ് ഡ്രൈവറും കൂടിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മനപ്പൂർവം കെട്ടിച്ചമച്ച് ബഹളമുണ്ടാക്കിയത്.