മൂവാറ്റുപുഴ: സി. ബി. എസ്. ഇ പരീക്ഷയിൽ നേടിയ മികച്ച വിജയത്തിന്റെ ആഹ്ലാദത്തിൽ വിനായക് എം. മ്യാലിൽ. നവോദയ ഹയർസെക്കൻഡറി കൊമേഴ്‌സ് വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ മണിയന്തടം മ്യാലിൽ മനോജിന്റെയും തങ്കമ്മയുടെയും മകനായ വിനായകന് അഭിനന്ദന പ്രവാഹമാണ് വീട്ടിലേക്ക് ഒഴുകുയെത്തുന്നത്. നേര്യമംഗലം ജവഹർ നവോദയ വിദ്യാലത്തിലെ വിദ്യാർത്ഥിയായ വിനായക് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കോമേഴ്‌സ് വിഭാഗത്തിൽ ആകെ 500 മാർക്കിൽ 493 മാര്‍ക്ക് വാങ്ങി. കഴിഞ്ഞ ഞായറാഴ്ച വിനായകനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി, ഹോബികളും വിജയത്തിലേക്കു നയിച്ച പഠന രീതികളുമൊക്കെ ചോദിച്ചറിഞ്ഞു. എന്താണ് പരീക്ഷയെഴുതാനിരിക്കുന്ന കുട്ടികൾക്ക് നൽകുന്ന സന്ദേശമെന്നു ചോദിച്ചപ്പോൾ കഠിനാധ്വാനവും കൃത്യമായ സമയവിനിയോഗവുമാണെന്ന് വിനായക് പറഞ്ഞു. സ്‌കൂളിൽ ലഭിക്കുന്ന കായിക പരിശീലനത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. വിനായകുമായുളള ഫോൺ സംഭാഷണം റേഡിയോ പ്രഭാഷണ പരിപാടി 'മൻ കി ബാത്തി'ലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തോടു പങ്കുവച്ചത്. കൂലിപ്പണിക്കാരനായ മനോജിന്റെ തുച്ഛമായ വരുമാനത്തിൽ നിന്നുളള പരിമിതികൾ ഉൾക്കൊണ്ടായിരുന്നു വിനായകിന്റെ പഠനം. എൽദോ എബ്രഹാം എം.എൽ.എ വിനായകന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. കേക്ക് മുറിച്ചാണ് എം.എൽ.എ വിനായകന്റെ വിജയം ആഘോഷിച്ചത്. പഞ്ചായത്ത് മെമ്പർ ഇ.കെ.സുരേഷ്, വിനായകന്റെ മാതാപിതാക്കളായ മനോജും തങ്കമ്മയും ബന്ധുക്കളും ഉണ്ടായിരുന്നു.