കൊച്ചി: സ്വർണക്കടത്ത് കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എൻ.ഐ.എ ഓഫീസിലേക്ക് കൂസലില്ലാതെ ,നിയമപരമായ മാർഗങ്ങൾ തേടാതെ എത്തിയ എം. ശിവശങ്കറിന്റേതും എൻ.ഐ.എയുടേത് പോലെ ചടുലനീക്കങ്ങളായിരുന്നു. കൊച്ചിയിലുള്ള അഭിഭാഷകൻ എസ്. രാജീവിനെ നേരിൽ കാണാതെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സമയമുണ്ടായിട്ടും അതിനു ശ്രമിക്കാതെ ഇന്നലെ പുലർച്ചെ സ്വന്തം കാറിൽ കൊച്ചിയിലേക്ക്. പറഞ്ഞതിലും 40 മിനിട്ട് മുമ്പേ എൻ.ഐ.എ ഓഫീസിൽ ഹാജർ. പൂജപ്പുരയിലെ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോഴും യാത്രയ്‌ക്ക് രഹസ്യ മാർഗങ്ങളൊന്നും സ്വീകരിച്ചില്ല. മാദ്ധ്യമങ്ങൾ കൂടെ കൂടിയിട്ടും എതിർപ്പ് പ്രകടിപ്പിച്ചില്ല.
കൊച്ചി എൻ.ഐ.എ ഓഫീസിന് മുന്നിലെ നടുറോഡിൽ മാദ്ധ്യമങ്ങൾക്ക് മുന്നിലായിരുന്നു കാറിൽ നിന്നുള്ള ഇറക്കം. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും കൂളായുള്ള ആ നടത്തം ആത്മവിശ്വാസത്തിന്റെ സൂചന നൽകി. പിന്നീട് രാഷ്‌ട്രീയകേരളവും ഉദ്യോഗതലങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങൾ.
ശിവശങ്കറിനെ ഉദ്യോഗസ്ഥൻ കൂട്ടിക്കൊണ്ടുപോയത് വിശാലമായ ഹാളിലേക്ക്. 20 അംഗ സംഘത്തിന് നടുവിൽ ഒറ്റയാനായി ഇരിപ്പുറപ്പിച്ചു. ചുറ്റുപാടും കാമറ കണ്ണുകൾ. വീഡിയോ കോൺഫറൻസിൽ എൻ.ഐ.എയുടെ ദക്ഷിണേന്ത്യാ മേധാവി വന്ദന.വലിയ സ്‌ക്രീനിൽ ചോദ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു. വ്യക്തതയ്‌ക്കായി മറ്റു പ്രതികൾ നൽകിയ മൊഴി സ്ക്രീനിൽ തെളിയുന്നതിനൊപ്പം ശബ്ദവും. മിസിംഗായ കാര്യങ്ങളിൽ വ്യക്തതയാണ് തേടിയത്. ചോദ്യം ചെയ്യൽ മുഴുവൻ കാമറയിൽ റെക്കാഡ് ചെയ്‌തതോടെ പഴുതുകൾ മുഴുവൻ അടച്ചു. ഡിജിറ്റൽ തെളിവുകൾ, മൊഴി, ഫോൺവിളികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. .
ഒരു മണിക്കൂർ കഴിയുമ്പോൾ പത്തുമിനിട്ട് വിശ്രമം. ഈ സമയം മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച.
ഒരു പകൽ മുഴുവൻ ചോദ്യം ചെയ്യൽ പുരോഗമിക്കവേ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുമോ എന്നതായിരുന്നു പുറത്തെ ആകാംക്ഷ. വൈകിട്ട് 6.50 ന് ശിവശങ്കറിന്റെ ചുവന്ന കാർ വീണ്ടും എൻ.ഐ.എ അങ്കണത്തിലേക്ക് എത്തിയതോടെ വിട്ടയയ്‌ക്കുന്നതിന്റെ പ്രതീതി. നിമിഷങ്ങൾക്കകം ശിവശങ്കർ പുറത്തേക്ക്. രാവിലെ കണ്ട പ്രസന്നമുഖമായിരുന്നില്ല അപ്പോൾ. ക്ഷീണിതനും ഗൗരവത്തിലുമായിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന വിവരവും തൊട്ടുപിന്നാലെയെത്തി. അഭിഭാഷകനെ കാണാനുള്ള നീക്കം പാതിവഴിയിൽ ഉപേക്ഷിച്ച് കൊച്ചിയിൽ തങ്ങുന്ന ശിവശങ്കറിന് ഇന്ന് നിർണായക ദിനം. .