കൊച്ചി: കൊവിഡിനെത്തുടർന്നുണ്ടായ ലോക്ക് ഡൗണും തുടരുന്ന അനിശ്ചിതത്വവും പരമ്പരാഗത, അസംഘടിത മേഖലയിൽ തൊഴിലെടുത്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്. സംസ്ഥാന ആസൂത്രണ ബോർഡാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ലോക്ക് ഡൗണിനുശേഷം പൂർണതോതിൽ പ്രവർത്തനസജ്ജമാകാത്ത കയർ, കശുഅണ്ടി സംസ്കരണം, മുള, കൈത്തറി, തോട്ടം മേഖലകളിലും അസംഘടിതമേഖലയായ ഹോട്ടൽ, റെസ്റ്റോറന്റുകൾ, വീട്ടുജോലി, ശിശുപരിപാലനം, ബ്യൂട്ടിപാർലർ, ചെറുകിട കച്ചവടം, മത്സ്യവിപണനം, ഇൻഷ്വറൻസ്, ദേശീയസമ്പാദ്യപദ്ധതി തുടങ്ങിയ രംഗങ്ങളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്നവരെയാണ് തൊഴിൽ - സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത്. സ്ത്രീകളുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് നിലനിന്ന കുടുംബങ്ങളുടെ സ്ഥിതിയും കഷ്ടത്തിലായി.

90 ശതമാനം സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലോക്ക് ഡൗൺ കാലത്ത് 50 ലക്ഷവും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു ലക്ഷവും തൊഴിൽദിനങ്ങളും നഷ്ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

കടക്കാരുടെ എണ്ണവും കൂടുതൽതുച്ഛവരുമാനക്കാരായ സ്ത്രീകളിൽ ഏറിയപങ്കും മൈക്രോഫിനാൻസ് പദ്ധതികളിൽ കടക്കാരാണെന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. കുടുംബശ്രീ അയൽകൂട്ടങ്ങളും സംഘടനകളും സ്വകാര്യസ്ഥാപനങ്ങളും ഇവർക്ക് മൈക്രോഫിനാൻസ് വായ്പകൾ നൽകിയിട്ടുണ്ട്. കൃത്യമായി തിരിച്ചടയ്ക്കുകയും വീണ്ടും വായ്പവാങ്ങുകയും ചെയ്യുന്ന ചാക്രികസമ്പ്രദായത്തിലാണ് താഴ്ന്ന വരുമാനക്കാരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. ആഴ്ചതോറും ചെറുസംഖ്യകളായി തിരിച്ചടയ്ക്കുന്നതുകൊണ്ട് ബാദ്ധ്യതയില്ലാതെ പോകാമായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പുന‌ർവായ്പ ലഭിക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധിമൂലം ഇടത്തരം വരുമാനക്കാരുടെ കുടുംബങ്ങളിൽ ഗാർഹികപീഡനം ഉൾപ്പെടെ അസ്വസ്ഥതകളും തലപൊക്കുന്നുണ്ട്.

വിവിധ തൊഴിൽമേഖലയിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം

# ദേശീയസമ്പാദ്യപദ്ധതി 9778

# സ്വയം തൊഴിൽ സംരംഭങ്ങൾ 9.7 ലക്ഷം

# കാഷ്വൽ തൊഴിലാളികൾ 6.8 ലക്ഷം

# കുടുംബശ്രീ ചെറുകിടസംരംഭകർ 64,475

# കാർഷിക മേഖലയിലെ ജെ.എൽ.ജി ഗ്രൂപ്പുകൾ 68,388

# വീട്ടുജോലിക്കാർ ( സേവാകേന്ദ്രങ്ങൾ വഴി മാത്രം) 15,000

# കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ 13,84,604

# ബ്യൂട്ടി പാർലർ 4.5 ലക്ഷം

# ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രി 15,000

# കയർ 26,650

# കശുഅണ്ടി സംസ്കരണം 1,01,650

#കൈത്തറി 11,000