രാജ്യദ്രോഹക്കുറ്റം ചെയ്‌തതായി കണ്ടെത്താനായില്ല
ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും
കൊച്ചി: സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്‌ക്ക് കണ്ടെത്താനായില്ല. ഇതോടെ ഇന്നലെ പത്തര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയച്ചു. കേസിൽ കൂടുതൽ പ്രതികളുടെ ചോദ്യംചെയ്യലിനും സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഭീകരബന്ധവുമായോ സ്വർണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകൾ ലഭ്യമായിട്ടില്ല. ശിവശങ്കറിനെ വിട്ടയച്ചതോടെ, ദിവസങ്ങളോളം ആശങ്കയുടെ മുൾമുനയിലായിരുന്ന സർക്കാരിനും താത്കാലിക ആശ്വാസം. ചോദ്യം ചെയ്യലിനു ശേഷം രാത്രി എട്ടരയോടെ പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്കു മടങ്ങി.
അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെയും ഇവരുമായി ശിവശങ്കറിന്റെ ഫോൺവിളികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. സ്വപ്ന, സരിത്ത് എന്നിവരുമായി വ്യക്തിബന്ധമുണ്ടെങ്കിലും അവർ സ്വർണക്കടത്തുകാരാണെന്ന് അറിയില്ലെന്ന നിലപാടിൽ ശിവശങ്കർ ഉറച്ചുനിന്നു. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ സ്വപ്ന, സന്ദീപ് നായർ, ശിവശങ്കർ എന്നിവർക്കൊപ്പം ഒത്തുകൂടുമ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നതായി കസ്റ്റംസ്, എൻ.ഐ.എ അന്വേഷണസംഘങ്ങൾക്കു മുമ്പാകെ സരിത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചകൾക്കിടയിൽ സ്വർണക്കടത്തിനെക്കുറിച്ച് ആരും മിണ്ടിയിട്ടില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.
തിങ്കളാഴ്ച ഒൻപതു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം എറണാകുളം സൗത്തിലെ ക്രൗൺ സ്യൂട്ട് ഹോട്ടലിൽ താമസിച്ച ശിവശങ്കർ, ഇന്നലെ രാവിലെ 9.45 നാണ് ഒന്നര കിലോമീറ്റർ മാത്രമകലെ കടവന്ത്രയിലെ എൻ.ഐ.എ ഒാഫീസിലെത്തിയത്. പത്തിന് ആരംഭിച്ച ചോദ്യംചെയ്യലിന് എൻ.ഐ.എ ദക്ഷിണേന്ത്യാ മേധാവി ഡി.ഐ.ജി കെ.ബി. വന്ദന ഹൈദരാബാദിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെ നേതൃത്വം നൽകി.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലിനിടെ, ഉച്ചയോടെ കേസിൽ അന്താരാഷ്ട്ര ഭീകരബന്ധം സംശയിക്കുന്ന പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിനെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ ഒാഫീസിലെത്തിച്ചിരുന്നു. എന്നാൽ ശിവശങ്കറിനെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തില്ല. നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്തിന് പദ്ധതിയിട്ടതും നിർദേശങ്ങൾ നൽകിയതും റമീസെന്നാണ് കണ്ടെത്തൽ.
സ്വപ്ന മുതലെടുത്തു, കൂടെ നിന്ന് ചതിച്ചു
ആഴത്തിലുള്ള സൗഹൃദം മുതലെടുത്ത് സ്വപ്‌ന തന്നെ ചതിക്കുകയായിരുന്നെന്ന് ശിവശങ്കർ എൻ.ഐ.എയോട് വെളിപ്പെടുത്തി. സരിത്ത്, സ്വപ്ന എന്നിവരുമായിട്ടായിരുന്നു ബന്ധം. ഇവർ സന്ദീപ് നായരെ പരിചയപ്പെടുത്തി. സ്വപ്‌നയും ഭർത്താവും സഹായം ചോദിച്ചതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റെടുത്തു നൽകിയത്. തന്റെയും സ്വപ്‌നയുടെയും ഫ്ളാറ്റിൽ ഒത്തുചേർന്നിരുന്നത് മദ്യപിക്കാനും നേരമ്പോക്കിനുമാണ്. താനില്ലാത്തപ്പോൾ ഫ്ളാറ്റിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ല.
സ്വകാര്യ ആവശ്യത്തിനെന്നു പറഞ്ഞ് സ്വപ്ന 50,000 രൂപ വാങ്ങിയിരുന്നു. വിശ്വാസമുള്ളതിനാലാണ് ഐ.ടി വകുപ്പിൽ കരാർ നിയമനം നൽകിയത്.
രാജ്യത്തെയും പുറത്തെയും ഉന്നതർക്ക് പങ്ക്
ഗൂഢാലോചനയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതർക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ.
അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കണം. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്തണം. സ്വർണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാൻ.
സ്വപ്‌നയുടെയും സന്ദീപിന്റെയും റിമാൻഡ് റിപ്പോർട്ടിലാണ് ഈ പരാമർശം.