കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ മൂന്നും നാലും പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ആഗസ്റ്റ് ഒന്നുവരെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണ ചുമതലയുള്ള എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിൽ ഇന്നലെ രാവിലെ ഹാജരാക്കിയ ഇവരെ കസ്റ്റംസിനു കൈമാറി. എൻ.ഐ.എയുടെ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയതാണെന്നും കസ്റ്റഡി അനിവാര്യമല്ലെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേസിൽ നിർണായക പങ്കുള്ള ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ പിടികൂടാനുണ്ടെന്നും ഇവരുടെ പങ്കിനെക്കുറിച്ച് അറിയാൻ പ്രതികളെ ചോദ്യംചെയ്യണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്. സ്വപ്നയുടെ നിരീക്ഷണച്ചുമതല സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു വനിതാ കസ്റ്റംസ് ഒാഫീസർക്കായിരിക്കണമെന്നും കസ്റ്റഡിയിൽ കുട്ടികളുമായി ബന്ധപ്പെടാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.