കൊച്ചി : സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റുചെയ്ത ഏഴാംപ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കെ. ഹംജദ് അലി, ഒമ്പതാംപ്രതി മഞ്ചേരി കൂമൻകുളം സ്വദേശി ടി.എം. മുഹമ്മദ് അൻവർ, പത്താംപ്രതി കോഴിക്കോട് ഇലത്തൂർ സ്വദേശി ടി.എം. സംജു, 14 -ാം പ്രതി കോഴിക്കോട് വട്ടക്കിണർ സ്വദേശി സി.വി. ജിഫ്സാൽ, 13 -ാം പ്രതി കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദുൾ ഷമീം എന്നീ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡിഷണൽ സി.ജെ.എം കോടതി തള്ളി.
നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിൽ ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ കസ്റ്റംസ് അറസ്റ്റുചെയ്തത്. സ്വപ്നയും സരിത്തും സന്ദീപും ഉൾപ്പെടുന്ന സംഘം ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങുകയും കള്ളക്കടത്തിൽ പണം നിക്ഷേപിക്കുകയും ചെയ്തവരാണ് പ്രതികളെന്നും ഇവർക്ക് ജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാനിടയാക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന തരത്തിലാണ് പ്രതികൾ പ്രവർത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എൻ.ഐ.എയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും കസ്റ്റംസിന്റെ അഭിഭാഷകൻ വ്യക്തമാക്കി.