കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പൂർണമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ 1-ാം വാർഡിൽ പ്രവർത്തിച്ചിരുന്ന 3 പ്ലൈവുഡ് കമ്പനികൾ കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് അടച്ച് പൂട്ടിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ 21 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.ഇതിനെ മറികടന്നാണ് പ്ലൈവുഡ് കമ്പനി പ്രവർത്തിച്ചിരുന്നത്. രാവിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും തഹസിൽദാരും സ്ഥലത്ത് എത്തി കമ്പനികൾ പൂട്ടിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.