മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസിന്റെ ഭരണാനുമതി നഷ്ടമായി എന്ന യു.ഡി.എഫ് പ്രചരണം അടിസ്ഥാന രഹിതമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ബൈപാസിന് 2018 ഡിസംബർ ഏഴിനാണ് ഭരണാനുമതി ലഭിച്ചത്. മൂന്ന് വർഷമാണ് ഇതിന്റെ കാലാവധി. 2021 ഡിസംബർ ഏഴ് വരെ കാലാവധിയുള്ള ബൈപാസിന്റെ ഭരണാനുമതി നഷ്ടമായിയെന്ന് കളളപ്രചരണം നടത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ് യു.ഡി.എഫ് ലക്ഷ്യം . മൂവാറ്റുപുഴ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 64 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസങ്ങളും തുടർച്ചയായിയുണ്ടായ പ്രളയവും കൊവിഡ് മഹാമാരിയുടേയും പശ്ചാത്തലത്തിൽ ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയതോടെ എസ്റ്റിമേറ്റ് പുതുക്കി നൽകാൻ സർക്കാർ നിർദ്ദേശം വന്നതോടെ 64 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചതായി എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. നേരത്തെ 50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി യോഗം അംഗീകരിക്കുന്നതോടെ ബൈപാസ് നിർമ്മാണം ആരംഭിക്കാൻ കഴിയും.

മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗൺ വികസനവും മൂവാറ്റുപുഴ ബൈപാസും. കെ.എസ്.ടി.പി.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോൾ മൂവാറ്റുപുഴയിൽ വെള്ളൂർകുന്നം മുതൽ പി.ഒ.ജംഗ്ഷൻവരെ വികസനം പൂർത്തിയാക്കിയില്ല. മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കിയായിരുന്നു വികസനം. നഗര വികസനം ചുവപ്പുനാടയിൽ കുടുങ്ങി അനന്തമായി നീണ്ട് പോയതോടെ നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എൽദോ എബ്രഹാം എം.എൽ.എ നടത്തിയ പ്രവർത്തനങ്ങളുടേയും ഫലമായിട്ടാണ് ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനായത്. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലും ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു