തൃപ്പൂണിത്തുറ:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരത്തിൽ വാഹന പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തുവാനും, നടപ്പാത കൈയ്യേറി നടത്തുന്ന കച്ചവടങ്ങൾ നിരോധിക്കുവാനും നടപടി തുടങ്ങി.നഗരസഭ ചെയർപേഴ്സന്റെ ചേംബറിൽ നടന്ന പൊലീസ്, വ്യാപാരി പ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. സ്റ്റാച്ചുമുതൽ കിഴക്കേകോട്ട വരെ റോഡിന്റെ ഇടത് ഭാഗം മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളു. ഇവിടെ പ്രത്യേകമായി അടയാളപ്പെടുത്തി. മാർക്കറ്റ് റോഡ് വൺവേ ആക്കിയിട്ടുണ്ട്. സ്റ്റാച്ചു മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിൽ എല്ലാ കടകളും രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കണമെന്നും ചെയർപേഴ്സൺ ചന്ദ്രികാദേവി അറിയിച്ചു.