കൊച്ചി: സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നത് ഏതൊരു സംരംഭത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് എ.ഡി.ജി.പി .ഡോ. ബി.സന്ധ്യ പറഞ്ഞു. സംരംഭകത്വത്തിലെയും തൊഴിൽ മേഖലയിലെയും സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരേ സമയം പല വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള മൾട്ടി ടാസ്‌കിംഗ് ശേഷി പുരുഷൻമാരെക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ. ഇത് ഏതൊരു സംരംഭത്തിനും മുതൽക്കൂട്ടാണ്. സ്ത്രീകൾക്ക് ലഭിച്ച പരിഗണന പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
കാർഷികഭക്ഷ്യ സംസ്‌കരണ മേഖലയിൽ വനിതകൾക്ക് വലിയ സംരംഭക സാദ്ധ്യതയുണ്ടെന്ന് കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ .വാസുകി പറഞ്ഞു. വി സ്റ്റാർ ഗ്രൂപ്പ് സ്ഥാപക ഷീലാ കൊച്ചൗസേപ്പ്, നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്, ബേബി മറൈൻ ഇന്റർനാഷണൽ ഡയറക്ടർ രൂപ ജോർജ് തുടങ്ങിയവർ സംസാരിച്ചു.