കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യ സൂത്രധാരനായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിന് വിദേശബന്ധങ്ങളുണ്ടെന്നും ഇയാളുടെ ആജ്ഞയനുസരിച്ചാണ് മറ്റു പ്രതികൾ സ്വർണക്കടത്തു നടത്തിയതെന്നും എൻ.ഐ.എ അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. കേസിൽ റമീസിനെ ഏഴുദിവസത്തേക്ക് കോടതി എൻ.ഐ.എയുടെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനായി വിട്ടുനൽകി.
ഈ മാസം 11നാണ് റമീസിനെ പെരിന്തൽമണ്ണയിൽനിന്ന് കസ്റ്റംസ് അറസ്റ്റുചെയ്തത്. സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നൽകിയ മൊഴിയിൽ ലോക്ക് ഡൗൺ സമയത്ത് പരമാവധിതവണ നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചിരുന്നെന്നും ഇയാളുടെ ആജ്ഞയനുസരിച്ചാണ് സ്വർണം കടത്തിയിരുന്നതെന്നും പറഞ്ഞിരുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ റമീസാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ തിങ്കളാഴ്ച ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പത്തുദിവസത്തേക്ക് റമീസിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സംഘം കോടതിയിൽ അപേക്ഷ നൽകി. ഇതിലാണ് ഏഴുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.