തോപ്പുംപടി:കൊവിഡ് മഹാമാരിയുടെ വ്യാപനം കൂടിയതോടെ പടിഞ്ഞാറൻ കൊച്ചിയുടെ വീഥികൾ ശൂന്യമായി.റോഡിൽ ആളില്ലാതായതോടെ ജനങ്ങളും ആശങ്കയിലായി.ചെല്ലാനത്തെ ട്രിപ്പിൾ ലോക്ക് ഡൗണിന് പുറമെ രോഗബാധിതരുടെ എണ്ണം മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കുമ്പളങ്ങി എന്നീ ഭാഗങ്ങിലെക്കും എത്തിയതോടെ ജനം സ്വമേധയാ പ്രതിരോധത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വദേശ, വിദേശ, അന്യസംസ്ഥാന ജനതയുമായി ആയിരങ്ങളുടെ സഞ്ചാര പാതകൾ ആളൊഴിഞ്ഞ വീഥികളായി മാറി. 300 ഓളം സ്വകാര്യ ബസുകളും 500ൽ പരം ഇതര ചരക്ക് വാഹനങ്ങളും കടന്നെത്തുന്നന കൊച്ചിയിലിന്ന് എല്ലാം നിശ്ചലമായ സ്ഥിതിയാണ്. 25 ഓളം ബാങ്കുകൾ 3 നഗരസഭ സോണൽ ഓഫീസുകൾ ഇൻകം ടാക്സ് - ജി.എസ്.ടി.ഓഫീസുകൾ 200ൽ പരം ഹോം സ്റ്റേകൾ പ്രവർത്തിക്കുന്ന പശ്ചിമ തീരം അതി സൂഷ്മ കണ്ടെയ്ൻ സോണുകളായി മാറി. ഇതോടെ ഈ ഭാഗങ്ങൾ കർശന നിയന്ത്രണത്തിലായി മാറി. 2 ആഴ്ചക്കകം സമ്പർക്കത്തിലൂടെ 300ൽ പരം രോഗികൾ ഉണ്ടായ പ്രദേശം ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളുടെ നിരീക്ഷണത്തിലായി മാറി.നഗരസഭയുടെ 13 ഡിവിഷനുകളും കുമ്പളങ്ങിയിൽ 3 വാർഡുകളും ചെല്ലാനത്തെ 17 വാർഡുകളും കനത്ത നിയന്ത്രണത്തിലാണ്. രോഗനിർണയത്തിന് മുന്നേയുള്ള രോഗിയുടെ അനിയന്ത്രിത സഞ്ചാരങ്ങൾ വ്യാപനമായതോടെയാണ് രോഗ ബാധിതർ വർദ്ധിച്ചതും.ഇത് ജനങ്ങളെ കടുത്ത ഭയാശങ്കയും സമ്മർദ്ദത്തിനുമിടയാക്കുന്നതായാണ് ആരോഗ്യ പ്രർത്തകർ പറയുന്നത്. ചേരികളും, ഇടതിങ്ങിയ ജനവാസ മേഖലയും ,വിനോദ സഞ്ചാര കേന്ദ്രങ്ങളും, മത്സ്യ വിപണനവും, വാണിജ്യ വ്യാപാര മേഖലയും വിജനമായതും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ്.