പെരുമ്പാവൂർ: പോഞ്ഞാശേരിയിൽ ടിപ്പറിനടിയിൽ വീണുമരിച്ച ഓട്ടോഡ്രൈവറുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. അപകടത്തെത്തുടർന്ന് മൃതദേഹം മാറ്റിയവരും ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരും ക്വാറന്റെയിനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

തിങ്കളാഴ്ച രാവിലെ 9.50 ഓടെയാണ് പോഞ്ഞാശേരിയിൽ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപത്തെ റോഡരികിൽ നിൽക്കുകയായിരുന്ന മീന്തലയ്ക്കൽ വീട്ടിൽ ജവഹറാണ് (62) റോഡിലേക്ക് കുഴഞ്ഞുവീണ് ടിപ്പറിനടിയിൽപ്പെട്ട് മരിച്ചത്. വെങ്ങോല പഞ്ചായത്തിലെ ഈ പ്രദേശത്ത് ഇതുവരെയും ആർക്കും കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നില്ല. ആദ്യ കേസായതിനാൽ ഉറവിടവും കണ്ടെത്താനായിട്ടില്ല. ആലുവ കുന്നത്തേരിയിൽ നിന്ന് അഞ്ച് വർഷം മുമ്പാണ് ജവഹർ ഇവിടേക്ക് താമസംമാറ്റിയത്.