ഫോർട്ടുകൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങളിൽ പ്രത്യേകശ്രദ്ധ ചെലുത്തണമെന്ന് ഹൈബി ഈഡൻ എം.പി.ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു. കൊച്ചി നഗരസഭയുടെ ആദ്യ 3 വാർഡുകളിലാണ് രോഗവ്യാപനം രൂക്ഷം. പരിശോധനകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം.ഫലം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റുകൾ പരമാവധി ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലൊന്നാണ് മട്ടാഞ്ചേരി. രോഗവ്യാപനം സംഭവിച്ചാൽ തടഞ്ഞുനിർത്താൻ ഏറെ ബുദ്ധിമുട്ടാണ്. ജനങ്ങളെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ പ്രർത്തനങ്ങളേ ഇവിടെ പ്രാവർത്തികമാകൂ. 31ന് പെരുന്നാൾ നടക്കുന്ന സാഹചര്യത്തിൽ മട്ടാഞ്ചേരി പ്രദേശത്ത് കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ആരോഗ്യപ്രർത്തകരും പൊലീസും നൽകുന്ന നിർദേശങ്ങൾ അതേപടി അനുസരിക്കാൻ ജനങ്ങളും തയ്യാറാകണം.